കൊച്ചി: താന്‍ എന്തുകൊണ്ടാണ് ഒരു കോണ്ഗ്രസുകാരനായതെന്ന് വെളിപ്പെടുത്തി രമേഷ് പിഷാരടി. വര്‍ഷങ്ങള്‍ക്ക് മുന്നേ എഴുതപ്പെട്ട പുസ്തകങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ലെന്നും, കോണ്‍ഗ്രസ് അങ്ങനെ ഏതെങ്കിലും ഒരു പുസ്തകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും രമേഷ് പിഷാരടി പറയുന്നു.
ദ ക്യു ഷോ ടൈമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലുള്ള ഭൂരിപക്ഷം ആളുകളും ഇടത് ചിന്താഗതിയുള്ളവരാണ്. അല്ലെങ്കില്‍ ഇവിടെ തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് ഒന്നും ഇങ്ങനെയാകില്ലായിരുന്നു. ഞാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് എന്ന് ചോദിച്ചാല്‍, കോണ്‍ഗ്രസ് ഏതെങ്കിലും ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി അല്ല. മതങ്ങള്‍ക്കും ചില പാര്‍ട്ടികള്‍ക്കുമൊക്കെ മിനിമം 100 വര്‍ഷം മുന്നേ എഴുതിയ നിയമസംഹിതകള്‍ ഉള്‍പ്പെട്ട ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. എനിക്ക് അത്തരത്തിലൊരു പുസ്തകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ പുസ്തകം എഴുതിയ കാലത്തുള്ള ഒരു ലോകം ഇപ്പോഴില്ല. ആ ലോകം പൂര്‍ണമായിട്ടും മാറി. നമ്മള് വേറെയൊരു ലോകത്താണ് ജീവിക്കുന്നത്.
പണ്ടെങ്ങോ ഉണ്ടായിരുന്നൊരു ലോകത്താണ് എല്ലാ മത ഗ്രന്ഥങ്ങളും പാര്‍ട്ടി പുസ്തകങ്ങളും എഴുതിയിരിക്കുന്നത്. നമ്മുക്ക് ഭരണഘടനക്ക് ഒരു ഗുണം എന്താണെന്ന് വെച്ചാല്‍, അതിനാണ് നിയമസഭകളുള്ളത്. നിയമം നിര്‍മ്മിക്കാം, അമെന്‍ഡ് ചെയ്യാം, പുതിയ കാര്യങ്ങള്‍ കൊണ്ട് വരാം, എല്ലാം ചെയ്യാം. നമ്മള് ഇപ്പോള്‍ ചര്‍ച്ചകളില്‍ വരുന്ന മനുസ്മൃതിയെടുത്താലും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുത്താലും, ആത്മീയ ഗ്രന്ഥങ്ങള്‍ എടുത്താലും അതെല്ലാം പണ്ട് എഴുതപ്പെട്ട കാര്യങ്ങളാണ്. കോണ്‍ഗ്രസില്‍ അത്തരത്തിലൊരു ബുക്ക് ഇല്ല എന്നുള്ളതാണ് പ്രാഥമികമായിട്ടുള്ള കാരണം’, രമേഷ് പിഷാരടി പറയുന്നു.

