തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് വില്‍പ്പന ശാലകള്‍ കൂടി ഉടന്‍ വരുന്നു. ഘട്ടംഘട്ടമായി ഇവ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതല്‍ ബിവറേജസ് വില്‍പ്പനശാലകള്‍ വരാന്‍ പോകുന്നത് എറണാകുളത്തും ഇടുക്കിയിലുമാണ്. എട്ടുവീതം ഷോപ്പുകളാണ് ഈ രണ്ടു ജില്ലകളില്‍ മാത്രം വരുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശിച്ചതുപോലെ മദ്യവില്പന ശാലകളിലെ തിരക്ക് ഒഴിവാക്കാനായി 170 ഔട്ട്ലറ്റുകള് തുറക്കാന്‍ അനുവദിക്കണമെന്ന ശുപാര്‍ശയായിരുന്നു ബെവ്കോ സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇത് പൂര്‍ണ്ണമായി സര്‍ക്കാര്‍ അംഗീകരിച്ചില്ല. മുന്‍പ് അടച്ചുപൂട്ടിയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി തുറക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്.
ഐടി പാര്‍ക്കുകളില്‍ മദ്യവില്പനശാലകള് അടക്കം തുടങ്ങുന്നതിന് അനുവദിക്കുന്ന പുതിയ മദ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മദ്യ വില്പനശാലകളിലെ തിരക്കു നിയന്ത്രിക്കാന്‍ കൂടുതല്‍ പ്രീമിയം മദ്യ കൗണ്ടറുകള്‍ അനുവദിക്കുമെന്നും നയത്തില്‍ പറയുന്നു.
പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
തിരുവനന്തപുരം- 5
കൊല്ലം – 6
പത്തനംതിട്ട – 1
ആലപ്പുഴ – 4
കോട്ടയം- 6
ഇടുക്കി- 8
എറണാകുളം- 8
തൃശൂര്‍- 5
പാലക്കാട് – 6
മലപ്പുറം – 3
കോഴിക്കോട് – 6
വയനാട് – 4
കണ്ണൂര്‍ – 4
കാസര്‍കോട് – 2.
അതേസമയം, ബ്രുവറികള്‍ക്കും ധാന്യങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനും ലൈസന്‍സ് അനുവദിക്കും. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും. കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായാണ് ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിന് കര്‍ഷകര്‍ക്ക് അനുമതി നല്കുന്നതെന്നു മദ്യ നയം വ്യക്തമാക്കുന്നു. വിനോദസഞ്ചാര മേഖലകളില്‍ മദ്യം ലഭ്യമാക്കിയില്ലെങ്കില്‍ മയക്കു മരുന്നിന്റെ ഉപയോഗം വര്‍ധിക്കുമെന്ന വിലയിരുത്തലും പുതിയ മദ്യനയത്തിലുണ്ട്.

