ഡല്‍ഹിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം ?

ഡല്‍ഹിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സൂചന. ഡല്‍ഹിയിലെ ജീനോം സീക്വന്‍സിങ് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ ഉപവകഭേദമായ ബി.എ 2 വിന്റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുകയാണ്.

ബിഎ. 2.12.1 സാമ്ബിള്‍ വിശദപരിശോധനക്കായി രാജ്യത്തെ ഏറ്റവും വലിയ പരിശോധനാ സംവിധാനമായ INSACOG യിലേക്ക് അയച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയുമാണ്. ന്യൂയോര്‍ക്ക് ഹെല്‍ത്ത് വിഭാഗമാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. യഥാര്‍ത്ഥ ഉപവകഭേദത്തേക്കാള്‍ 23-27 ശതമാനം വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം.

അതേസമയം, ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി. ഡല്‍ഹി ലഫ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡല്‍ഹിയിലാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നത്.

പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ തത്ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തില്ല. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലും സ്ഥിതി രൂക്ഷമല്ല. ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്, സര്‍ക്കാര്‍ സ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

prp

Leave a Reply

*