പാലക്കാട് > ജില്ലയില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും സ്പെഷ്യല്‍ ഫോഴ്സും.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നും മറ്റ് ജില്ലകളിലെ ക്യാമ്ബുകളില്‍നിന്നുമെത്തിയ ഉദ്യോഗസ്ഥരെ കൂടാതെ കേരള പൊലീസിന്റെ ആന്റി നക്സല്‍ സ്വാഡ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, തമിഴ്നാട് പൊലീസ് എന്നിങ്ങനെ 1,300ല്‍ അധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
ഞായറാഴ്ച രാത്രിമുതല്‍ ഇരുചക്രവാഹനങ്ങളില്‍ രണ്ട് പുരുഷന്മാര്‍ സഞ്ചരിക്കുന്നത് വിലക്കി ജില്ലാ ഭരണകേന്ദ്രം ഉത്തരവിറക്കിയിരുന്നു. തിങ്കള്‍ രാവിലെ ഉത്തരവറിയാതെ ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ എത്തിയവരില്‍ ഒരാളെ മാത്രമേ യാത്രതുടരാന്‍ അനുവദിച്ചുള്ളൂ. വിവിധ ചെക്ക്പോയിന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയേ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കാനാകൂ. നഗരത്തിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിക്കുന്നുണ്ട്. പാലക്കാട് ടൗണ്‍, സൗത്ത്, കസബ സ്റ്റേഷന്‍ പരിധിയിലായി 30 ഓളം ചെക്ക് പോയിന്റുണ്ട്.
കൂടാതെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെറുവഴികളിലടക്കം പൊലീസ് സാന്നിധ്യമുണ്ട്. കൊലപാതകം നടന്ന എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലെ മേലാമുറിയിലും ശക്തമായ പൊലീസ് സുരക്ഷയാണുള്ളത്. ഈ പ്രദേശങ്ങളില്‍ മാത്രം 200ഓളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

