കൊറോണ ഇതര രോഗങ്ങള്‍ക്ക് ചികിത്സയില്ല; വീട് വിട്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥ; ചൈനയില്‍ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ബീജിങ്: ചൈനയില്‍ കൊറോണ പ്രതിസന്ധി രൂക്ഷമാകുന്നു. കൊറോണയുടെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും മറ്റ് മാനുഷിക അവകാശങ്ങളും സംരക്ഷിക്കാനുള്ള കടമ ചൈനീസ് സര്‍ക്കാരിനുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.

കൊറോണ രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് ചൈനയില്‍ പലയിടങ്ങളിലും കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ജനങ്ങളുടെ ആരോഗ്യ അവകാശം, ഭക്ഷണം, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവ നടപ്പാക്കാനാകുന്നില്ലെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നത്.

കൊറോണ ഇതര രോഗങ്ങള്‍ക്ക് ചൈനയില്‍ ചികിത്സ കിട്ടുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കൊറോണ ഇതര രോഗങ്ങള്‍ക്ക് ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സീറോ കോവിഡ് പോളിസി എന്ന ലക്ഷ്യമിട്ടാണ് ചൈന പല പ്രധാന നഗരങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചാല്‍ കൊച്ചു കുട്ടികളെ പോലും അവരുടെ രക്ഷിതാക്കളില്‍ നിന്ന് അകറ്റുന്ന സ്ഥിതിയാണുള്ളത്. പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലോ പ്രത്യേക കേന്ദ്രങ്ങളിലോ പൂര്‍ണമായും ഐസൊലേഷനിലാക്കും. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മൂലം കൊറോണ ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഒരു ആശുപത്രികളിലും ലഭ്യമാകുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ റിസര്‍ച്ചര്‍ ആയ യാഖ്യു വാങ് പറയുന്നു.

ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇവിടെ എല്ലാവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരേയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ രണ്ടരക്കോടിയിലധികം ആളുകള്‍ക്കാണ് കൊറോണ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിലവില്‍ ഒരാള്‍ക്ക് പോലും ഇവിടെ വീട് വിട്ട് പുറത്തിറങ്ങാനുള്ള അവകാശമില്ല. കൊറോണ നെഗറ്റീവ് ആണെങ്കില്‍ പോലും ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നും യാഖ്യു ആരോപിച്ചു.

prp

Leave a Reply

*