മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശം പുറത്ത് നിന്നുള്ള 4 പേര്‍ സന്ദര്‍ശിച്ച സംഭവത്തില്‍ കേസെടുത്തു; സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൊടുപുഴ: ( 17.03.2022) മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് അനുവാദമില്ലാതെ പുറത്ത് നിന്നുള്ള നാല് പേര്‍ സന്ദര്‍ശിച്ച സംഭവത്തില്‍ കേസെടുത്തു.

അണക്കെട്ടില്‍ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരോട് വിശദീകരണം തേടി.

ഞായറാഴ്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം കുമളി സ്വദേശികളായ നാലുപേര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് നിയമവിരുദ്ധമായി കയറിയിരുന്നു. തമിഴ്‌നാടിന്റെ ബോടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട. എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡെല്‍ഹി പൊലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.

ഇവര്‍ എത്തിയത് പൊലീസുകാര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെഎത്തിയത് പൊലീസുകാര്‍ ഡിവൈഎസ്പിയെ അറിയിച്ചില്ല. വിവരം ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസ് എടുത്തത്. സുരക്ഷാ വീഴ്ച സംബന്ധിച്ച്‌ ഡിവൈഎസ്പി എസ്പിയ്ക്ക് റിപോര്‍ട് നല്‍കും. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപോര്‍ടിലുണ്ടെന്നാണ് സൂചന.

ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്റെ ഗുരുതര വീഴ്ച. തമിഴ്‌നാട് സംഘമെന്ന് തെറ്റിദ്ധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും ജിഡി രെജിസ്റ്ററില്‍ പേര് രേഖപ്പെടുത്താത്തത് കുറ്റം തന്നെയാണ്.

അണക്കെട്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്ബോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് നിയമം.

prp

Leave a Reply

*