നീല ഡ്രസ്കോഡില്‍ ബാന്‍ഡു മേളവുമായി സംഘം എത്തി; പെട്ടെന്ന് ഉഗ്രശബ്ദത്തോടെ വലിയൊരു പൊട്ടിത്തെറി; ബോംബ് വീണതിന്‌ പിന്നാലെ കണ്ടത് തലയില്ലാത്ത മൃതദേഹം; മരണവെപ്രാളത്തില്‍ ‘വണ്ടി തിരിക്കെടാ’ എന്ന അലറിവിളിലും ചിതറിയോട്ടവും; തോട്ടടയില്‍ കണ്ടത് വിളിച്ചു പറഞ്ഞ് നാട്ടുകാര്‍

കണ്ണൂര്‍: കണ്ണൂരിലെ തോട്ടടയില്‍ പറഞ്ഞുതീര്‍ത്തിരുന്നെങ്കില്‍ തീരേണ്ട തര്‍ക്കമാണ് ഒരാളുടെ കൊലപാതകത്തില്‍ അവസാനിച്ചത്.

കണ്ണൂരി​ന്റെ ചരിത്രത്തില്‍ തന്നെ നാടിനെ നടക്കുന്ന ദുരന്തമായി ഇത് മാറിുയിരിക്കുകയാണ്. കൊല്ലപ്പെട്ട ജിഷ്ണു, ബോംബെറിഞ്ഞ സംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണെന്ന് ദൃക്സാക്ഷി വ്യക്തമാക്കിയത്. സംഭവത്തില്‍ നാല് പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.

കല്യാണ തലേന്ന് നടക്കുന്ന സല്‍ക്കാരത്തിനുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടില്‍ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകയാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയിക്കുന്നത്. ബോംബ് പൊട്ടുന്ന സമയത്തെ ദൃശ്യങ്ങളും ഇപ്പോള്‍ പിറത്ത് വന്നിരിക്കുകയാണ്. ബാന്‍ഡ് മേളത്തിനിടയില്‍ ബോംബ് പൊട്ടുന്നതും ആളുകള്‍ ഓടി മാറുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. പുറത്തുവന്ന ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ബോംബ് എറിഞ്ഞുവെന്ന് കരുതുന്ന ഒരാളെ പൊലീസിന് ഇനിയും പിടികിട്ടാനുണ്ട്.

ഒരുപോലെ നീല ഡ്രസും വെള്ളമുണ്ടും ധരിച്ച്‌ ബാന്‍ഡ് മേളവുമായി എത്തിയ സംഘത്തില്‍ പതിനെട്ടോളം പേരുണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും ബോംബ് എറിയുന്നതിനെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. ബോംബ് പൊട്ടുമ്ബോള്‍ ഇവരില്‍ പലരും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണുവിന്റെ കയ്യില്‍ ബോംബ് ഉണ്ടായിരുന്നോ എന്ന് പൊലീസിനും ദൃക്സാക്ഷികള്‍ക്കും സംശയമുണ്ട്. ആസൂത്രിതമായാണ് സംഘം ബോംബെറിഞ്ഞതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

‘വാനിലെത്തിയ സംഘം ഉഗ്രശക്തിയുള്ള ബോംബാണ് ഏറിഞ്ഞത്. മരിച്ച ജിഷ്ണുവിന്റെ തലയില്‍ തന്നെ ബോംബ് വീണു. തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു. നാട്ടുകാര്‍ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനില്‍ കയറി രക്ഷപ്പെട്ടു’ എന്നാണ് ദൃക്‌സാക്ഷി പറയുന്നത്.

സംഭവത്തെക്കുറിച്ച്‌ പ്രദേശവാസിയുടെ പ്രതികരണം:

“ഏച്ചൂരില്‍നിന്ന് വന്ന സംഘവും മറ്റൊരു സംഘവും കഴിഞ്ഞദിവസം രാത്രി വിവാഹവീട്ടില്‍വെച്ച്‌ തര്‍ക്കമുണ്ടായി. പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഒരുകൂട്ടര്‍ പാട്ട് വെക്കരുതെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര്‍ പാട്ട് വെയ്ക്കുമെന്ന് പറഞ്ഞു. പാട്ട് വെച്ചതോടെ ഇവര്‍ തമ്മില്‍ കൈയാങ്കളിയും അടിയും നടന്നു. അന്നേരം അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റി. ആ പ്രശ്നമൊക്കെ അപ്പോള്‍ ഒതുക്കിയതാണ്. പിന്നീട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ന് രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹച്ചടങ്ങിന് പോയി തിരിച്ചുവരുമ്ബോളും അവരുണ്ടായിരുന്നു. ഞാന്‍ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു. പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്ബോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാര്‍ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവര്‍ ഓടിയിരുന്നത്. റോഡില്‍ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയില്‍ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലര്‍ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവര്‍. പെട്ടെന്ന് തന്നെ അവര്‍ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച്‌ വേഗം രക്ഷപ്പെട്ടു.

അത് കഴിഞ്ഞ് ഞാന്‍ റോഡിലെത്തിയപ്പോള്‍ രണ്ടാളുകള്‍ കാറിലിരുന്ന് കരയുന്നതും ഒരാളെ അതില്‍ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ ബോംബേറാണെന്ന് പറഞ്ഞു. അപ്പോള്‍ കാര്‍ വേഗം വിട്ടു. ആസമയം വന്ന ബൈക്കില്‍ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയില്‍ റോഡില്‍ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനില്‍ക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാന്‍ ഉടനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ കാര്യം പറഞ്ഞു.

ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാന്‍ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല”, അദ്ദേഹം പറഞ്ഞു.

അതേ സമയം, ബോംബെറിഞ്ഞത് ഏച്ചൂരില്‍ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗംതന്നെയെന്നാണു വിവരം. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ വീണു. ജിഷ്ണു തല്‍ക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും ബോംബേറില്‍ പരുക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തു, പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. ബോംബ് എറിഞ്ഞതിനു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതു വാക്ക് തര്‍ക്കത്തിന് കാരണമായി.

prp

Leave a Reply

*