പാലക്കാട് : ദേശീയപാതയില്‍ കുഴല്‍മന്ദത്തിനു സമീപം വെള്ളപ്പാറയില്‍ 2 ബൈക്ക് യാത്രികര്‍ മരിച്ച അപകടത്തില്‍, ഇവര്‍ക്കു തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ്ക്യാമറ ദൃശ്യങ്ങള്‍ വഴിത്തിരിവായി.
ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും ഇന്നലെ രാവിലെ അപകട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സമീപത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പങ്കും വ്യക്തമായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയുണ്ടായ അപകടത്തില്‍ പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് (24), സുഹൃത്ത് കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സബിത്ത് (23) എന്നിവരാണു മരിച്ചത്.
ഡിവൈഡറിനോടു ചേര്‍ന്നു സഞ്ചരിച്ച ലോറിയെ ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു ബൈക്ക്. ബൈക്കിന്റെയും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ബസ്, ആവശ്യത്തിനു സ്ഥലമുണ്ടായിരുന്നിട്ടും ഇതിനുശേഷം വലത്തേക്കു വെട്ടിച്ചു. ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടു. ബൈക്ക് ബസിനും ലോറിക്കുമിടയില്പെടുന്നതു ദൃശ്യങ്ങളിലുണ്ട്. ബൈക്കില്‍ ലോറിയും ബസും ഇടിച്ചതിന്റെ പാടുകളുണ്ട്.ബസ് ഡ്രൈവര്‍ തൃശൂര്‍ പീച്ചി സ്വദേശി ഔസേപ്പ് (50), ലോറി ഡ്രൈവര്‍ ആന്ധ്രപ്രദേശ് കൃഷ്ണ സ്വദേശി അനില്‍കുമാര്‍ (32)എന്നിവര്‍ക്കെതിരെ കേസെടുത്തു.
ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷമേ കൂടുതല്‍ നടപടികളിലേക്കു കടക്കാനാകൂ എന്നു കുഴല്‍മന്ദം പൊലീസ് ഇന്‍സ്പെക്ടര്‍ ആര്.രജീഷ് അറിയിച്ചു. അപകട ദൃശ്യങ്ങള്‍ പൊലീസിനു കൈമാറുമെന്നു കാറുടമ അറിയിച്ചു. അതേസമയം ഡ്രൈവര്‍ക്കു വീഴ്ച സംഭവിച്ചതായി കെഎസ്ആര്‍ടിസിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. തിരക്കില്ലാത്ത സ്ഥലത്ത് ബസ് വെട്ടിച്ചെടുക്കേണ്ടതില്ലായിരുന്നു എന്നാണു വിലയിരുത്തല്‍.എരുമേലിയില്‍നിന്നു പാലക്കാട്ടെത്തി, വടക്കഞ്ചേരിയിലേക്കു പോവുകയായിരുന്നു ബസ്.

