ഇസ്ലാമാബാദ്: നവംബര്‍ 8 (റോയിട്ടേഴ്സ്): പാക്കിസ്ഥാനും പ്രാദേശിക താലിബാന് തീവ്രവാദികളും ഒരു മാസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചു, ഇരുപക്ഷവും സമ്മതിച്ചാല്‍ അത് നീട്ടാം, വര്‍ഷങ്ങളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഒരു സമ്ബൂര്‍ണ്ണ സമാധാന ഉടമ്ബടിയുടെ സാധ്യത തുറന്നുകൊണ്ട് വക്താക്കള്‍ തിങ്കളാഴ്ച പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാന് ഭരണകൂടത്തെ അട്ടിമറിച്ചതുപോലെ തങ്ങള്‍ക്കെതിരെയും അക്രമണമുണ്ടാകുമോയെന്ന ഭയം മൂലമാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് സൂചന.
അഫ്ഗാന് താലിബാനില്‍ നിന്ന് വ്യത്യസ്തമാണ് പാകിസ്താന് താലിബാന് എന്ന തെഹ്രീക്-ഇ-താലിബാന് പാകിസ്ഥാന് (ടിടിപി). പാകിസ്ഥാന് സര്‍ക്കാരിനെ അട്ടിമറിച്ച് രാജ്യത്ത് ഇസ്ലാമിക് ശരിയത്ത് നടപ്പാക്കുക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. ചര്‍ച്ചകള്‍ക്കായി ഇരുവിഭാഗവും പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇന്ന് മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. ഡിസംബര്‍ ഒന്‍പത് വരെ നീളും. അതേസമയം വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നിരവധി തടവുകാരെ മോചിപ്പിക്കണമെന്ന് ടിടിപി ആവശ്യപ്പെട്ടതായി വിവരമുണ്ട്.
എന്നാല്‍ പാകിസ്ഥാന് ഇത് സ്ഥിരീകരിച്ചിട്ടില്ല. മലാല യൂസഫ് സായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് ടിടിപി ലോകവ്യാപകമായി കുപ്രസിദ്ധി നേടുന്നത്. നിരോധിത ഭീകര സംഘടനയാണ് ടിടിപി.ഇരുകൂട്ടരും തമ്മില്‍ നേരത്തേയും സമാധാന ശ്രമങ്ങള്‍ക്കായി ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വിജയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന് അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെയാണ് പാകിസ്ഥാനിലും പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. ആയിരക്കണക്കിന് സൈനികരേയും സാധാരണക്കാരേയുമാണ് ഇവര്‍ കൊന്നൊടുക്കിയിട്ടുള്ളത്.
2014ല്‍ പെഷവാറിലെ സൈനിക സ്കൂളില്‍ ടിടിപി നടത്തിയ ആക്രമണത്തില്‍ 132 കുട്ടികളടക്കം 149 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന് താലിബാന് നേതാക്കളുടെ പിന്തുണയോടെയാണ് ഇരുപക്ഷവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പാക് സര്‍ക്കാരും നിരോധിത ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാനും സമ്ബൂര്‍ണ്ണ വെടിനിര്‍ത്തലിന് ധാരണയായതായി പാകിസ്താന് മന്ത്രിസഭാംഗമായ ഫവാദ് ചൗധരി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന് ഭരണഘടനയ്ക്ക് കീഴിലായിരിക്കും. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉറപ്പാക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്ന കാര്യം ചിന്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

