ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ചൈന നേടിയത് പരിചയസമ്ബത്ത്, അരുണാചലില്‍ ഗ്രാമമുണ്ടാക്കി: യുഎസ്

ദില്ലി: 2020 മെയ് മാസത്തില്‍ ഇന്ത്യയും ചൈനയും നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടിയതിനെ കുറിച്ച്‌ യുഎസ് സൈനിക റിപ്പോര്‍ട്ട്.

ചൈനയ്ക്ക് ഈ ഏറ്റുമുട്ടലിലൂടെ യഥാര്‍ത്ഥ സൈനിക മേഖലയില്‍ ഏതൊക്കെ തരത്തില്‍ പോരാട്ടണമെന്നും, തന്ത്രപരമായ രീതിയില്‍ മുന്നേറണമെന്നുമുള്ള പരിചയസമ്ബത്ത് ലഭിച്ചുവെന്നാണ് യുഎസ് സൈന്യം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇനിയൊരു ആക്രമണം നടന്നാല്‍ കൂടുതല്‍ മികവോടെ ഇന്ത്യയെ നേരിടാന്‍ ചൈനയ്ക്കാവും എന്ന സൂചനയാണ് യുഎസ് സൈന്യം നല്‍കുന്നത്. യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി വരുന്നതാണിത്. ചൈനയുടെ സൈനിക നീക്കങ്ങളെ കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇന്ത്യന്‍ മേഖലയ്ക്ക് സമീപമുള്ള അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റിലും ഷിജന്‍യിയാംഗിലും റിസര്‍വ് സേനയുടെ എണ്ണം വന്‍ തോതിലാണ് വര്‍ധിപ്പിച്ചത്. ദ്രുതഗതിയില്‍ തിരിച്ചടിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. ഇന്ത്യയെ പ്രകോപിപ്പിച്ച്‌ ആക്രമണം നടത്തിയാല്‍ ചൈന വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നേക്കും. ആയുധങ്ങള്‍ ഉപയോഗിക്കാതെ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ഹിമാലയന്‍ മേഖലയില്‍ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ച്‌ സൈനികര്‍ തമ്മിലുള്ള ആശയവിനിമയം അതിവേഗത്തിലാക്കാനും ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, മേഖലയില്‍ ചൈനീസ് സ്വാധീനം എത്രയോ മുന്നിലെത്തി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ അധീനതയിലുള്ള പല സ്ഥലങ്ങളിലും അവകാശവാദം സ്ഥാപിക്കാനാണ് ചൈന ശ്രമിച്ച്‌ കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരാക്രമണമുണ്ടാല്‍ നേരിടാനുള്ള സന്നാഹങ്ങളും റെഡിയാണ്. 2020ല്‍ ഇന്ത്യയുടെ അതിര്‍ത്തിയിലെ നിര്‍മാണങ്ങളാണ് പ്രശ്‌നങ്ങള്‍ കാരണമെന്നാണ് ചൈന ആരോപിച്ചിരുന്നത്. ഇതിന് മറുപടിയായിട്ടാണ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതെന്നും ചൈന പറഞ്ഞിരുന്നു.

അതേസമയം ചൈന അരുണാചല്‍ പ്രദേശില്‍ നൂറ് പേര്‍ക്ക് താമസിക്കാവുന്ന തരത്തില്‍ ഗ്രാമമുണ്ടാക്കിയെന്ന കാര്യം യുഎസ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. തര്‍ക്ക ഭൂമിയാണിത്. യുഎസ്സിനോട് ഈ വിഷയത്തില്‍ ഇടപെടരുതെന്നും, ഇത് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണെന്നും തങ്ങളോട് അവര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നുവെന്നും യുഎസ് പറയുന്നു. ഇന്ത്യന്‍ മേഖലയിലാണ് ചൈനീസ് ഗ്രാമമുള്ളത്. നേരത്തെ ഇതേ കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വേണ്ട ഗൗരവത്തില്‍ എടുത്തിരുന്നില്ല. സാരി ചു നദിക്കരയിലാണ് ഈ ഗ്രാമമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് സമീപമാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്.

prp

Leave a Reply

*