സ്‌മൃതി മന്ഥാനയ്ക്ക് അര്‍ധസെഞ്ചുറി; പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച തുടക്കം നേടി ഇന്ത്യന്‍ വനിതകള്‍. തങ്ങളുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യ സ്‌മൃതി മന്ഥാന – ഷഫാലി വര്‍മ ഓപ്പണിങ് സഖ്യത്തിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച തുടക്കം നേടിയത്. മഴ മൂലം കളി നിര്‍ത്തിവെക്കുമ്ബോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടിയിട്ടുണ്ട്. സ്‌മൃതി മന്ഥാന (70*), പൂനം റാവത്ത് (8*) എന്നിവരാണ് ക്രീസില്‍. 31 റണ്‍സ് നേടിയ ഷഫാലി വര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് വേണ്ടി നഷ്ടമായത്. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ സ്‌മൃതി പിങ്ക് ബോള്‍ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി സ്‌മൃതിയും ഷഫാലിയും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പതിവ് അക്രമണശൈലി അഴിച്ചുവെച്ച്‌ ഷഫാലി ശ്രദ്ധയോടെ കളിച്ചപ്പോള്‍ മറുവശത്ത് സ്‌മൃതി ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച്‌ മുന്നേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ട് സ്‌മൃതി മുന്നേറിയപ്പോള്‍ മറുവശത്ത് സ്‌മൃതിക്ക് മികച്ച പിന്തുണ നല്‍കി ഷഫാലി ഉറച്ചുനിന്നു. ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കൊപ്പം ഭാഗ്യം കൂടി കൂട്ടുനിന്നതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് എളുപ്പത്തില്‍ റണ്‍ എത്തിക്കൊണ്ടിരുന്നു. ഷഫാലിയെ മൂന്ന് വട്ടമാണ് ഓസീസ് താരങ്ങള്‍ കൈവിട്ടു സഹായിച്ചത്. ഇതിനിടയില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതാ താരത്തിന്റെ ആദ്യ അര്‍ധസെഞ്ചുറി സ്‌മൃതി നേടി. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച താരം അര്‍ധസെഞ്ചുറിയില്‍ എത്തുമ്ബോള്‍ അക്കൗണ്ടില്‍ 11 ബൗണ്ടറിയാണ് ഉണ്ടായിരുന്നത്. 50 പന്തില്‍ തന്നെയാണ് താരം തന്റെ അര്‍ധസെഞ്ചുറിയും നേടിയത്.

അര്‍ധശതകം പിന്നിട്ടതിന് ശേഷം സ്‌മൃതി തന്റെ ഇന്നിങ്സിന്റെ വേഗം കുറച്ചു. ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ച്‌ മുന്നേറിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നിന്നും ആദ്യ തിരിച്ചടി ലഭിച്ചത് 93 റണ്‍സില്‍ നില്‍ക്കെ ആയിരുന്നു. 64 പന്തില്‍ 31 റണ്‍സ് നേടിയ ഷഫാലി വര്‍മയെ തഹ്‌ലിയ മഗ്രാത്തിന്റെ കൈകളില്‍ എത്തിച്ച്‌ സോഫി മോളിനക്സ് ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം പകര്‍ന്നു. പിന്നീട് വിക്കറ്റ് വീഴ്ത്താന്‍ ഓസീസ് ബൗളര്‍മാര്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരു പഴുതും നല്‍കാതെ മുന്നേറി ഇന്ത്യയുടെ സ്കോര്‍ 100 കടത്തി. ഇന്ത്യയുടെ സ്കോര്‍ 114 നില്‍ക്കെ മഴ വന്നതോടെയാണ് കളി നിര്‍ത്തേണ്ടി വന്നത്.

പച്ചപ്പ് നിറഞ്ഞ ക്വീന്‍സ്‌ലാന്‍ഡിലെ പിച്ചില്‍ ഓസീസ് ബൗളര്‍മാരുടെ വെല്ലുവിളി അതിജീവിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. നാല് ദിവസ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഇതുവരെ 39.3 ഓവറുകള്‍ മാത്രമാണ് എറിഞ്ഞതെന്നിരിക്കെ ഒമ്ബത് വിക്കറ്റുകള്‍ കയ്യിലുള്ള ഇന്ത്യ മികച്ച സ്കോര്‍ തന്നെയാകും ലക്ഷ്യമിടുന്നത്.

നേരത്തെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ഇന്ത്യന്‍ വനിതകള്‍ വീണ്ടും ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച ഈ ടെസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. അതേസമയം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 2006ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.

prp

Leave a Reply

*