പൊലീസിന്റെ പ്രവര്‍ത്തനം കൂടി നോക്കിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുക: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ഒരു സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍, ജനപക്ഷത്തു നിന്നു വേണം സേന പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച പറഞ്ഞു.

“നിങ്ങള്‍ (പോലീസ്) ജനങ്ങളുമായി വളരെ അടുത്ത് ഇടപഴകുന്നവരാണ്, നിങ്ങളുടെ ചുമതലകള്‍ നിങ്ങള്‍ എങ്ങനെ നിര്‍വഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൂടിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുക. അതിനാല്‍, ജനപക്ഷത്തു നിന്നുവേണം പ്രവര്‍ത്തിക്കാന്‍,” പുതിയ 2,362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സമാധാനത്തിന്റെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷമുണ്ടെങ്കില്‍ മാത്രമേ ‘നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കാനാകൂ, അത് ഉറപ്പു വരുത്തുന്നതില്‍ പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സമയത്ത് വിവിധ വാര്‍ഡുകളില്‍ നിയോഗിച്ചതിലൂടെ, മാറുന്ന കാലത്തെ പുതിയ വെല്ലുവിളികളെയെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ വിവിധ പരിശീലനങ്ങള്‍ പുതിയ ബാച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*