കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനികളെ വിലക്കിക്കൊണ്ട് ഉത്തരവിറങ്ങി. അടുത്തിടെ നിയമിതനായ ചാന്‍സലര്‍ മുഹമ്മദ് അഷ്രഫ് ഗൈറത്താണ് ഈ ഉത്തരവ് ഇറക്കിയത്. യൂണിവേഴ്സിറ്റിയില്‍ ‘ഇസ്ലാമിക പരിസരം’ നിലവില്‍ വരുന്നതുവരെ പെണ്‍കുട്ടികള്‍ പഠിക്കാന്‍ എത്തേണ്ട എന്നാണ് അറിയിപ്പിലുള്ളത്. കാബൂള്‍ സര്‍വകലാശാലയിലെ പണ്ഡിതനായ ചാന്‍സലര്‍ മുഹമ്മദ് ഉസ്മാന് ബാബുരിയെ മാറ്റിയശേഷമാണ് മുഹമ്മദ് അഷ്റഫ് ഗൈറത്തിനെ താലിബാന് നിയമിച്ചത്. വേണ്ടത്ര യോഗ്യതയോ അനുഭവ സമ്ബത്തോ ഇല്ലാത്തയാളെ ചാന്‍സലറാക്കിയതില്‍ പ്രതിഷേധിച്ച് നിരവധി അദ്ധ്യാപകര്‍ രാജി വച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്തിടെ സെക്കണ്ടറി സ്കൂളുകളില്‍ പഠനം ആരംഭിച്ചപ്പോഴും ആണ്‍കുട്ടികള്‍ മാത്രം എത്തിയാല്‍ മതി എന്ന നിലപാടാണ് താലിബാന് സ്വീകരിച്ചത്.
സ്ത്രീകള്‍ക്ക് പഠനം, ജോലി എന്നിവ തുടര്‍ന്നും ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് ഭരണം പിടിച്ച ശേഷം താലിബാന് ഉറപ്പ് നല്‍കിയത്. ഇതിന് പിന്നാലെ ക്ലാസ് മുറിയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച നിലയില്‍ സത്രീ പുരുഷന്മാരെ വേര്‍തിരിച്ച് പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതും നിര്‍ത്താലാക്കിയിരിക്കുകയാണ്. തങ്ങളുടെ പ്രഥമ ശ്രദ്ധ എല്ലാവര്ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇസ്ലാമിക അന്തരീക്ഷം ഉറപ്പാക്കുക എന്നതാണെന്ന് കാബൂള്‍ ചാന്‍സിലര്‍ പറയുന്നു.
ശരീഅത്ത് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ താലിബാന് സര്‍ക്കാര്‍ നല്‍കുന്നത്. കാടന്‍ ശിക്ഷാ രീതികളും രാജ്യത്ത് തിരിച്ച് കൊണ്ടു വന്നിരിക്കുകയാണ്. ഇതിന് പുറമേ താടി, മുടി എന്നിവ പറ്റെ വെട്ടരുതെന്ന് ബാര്‍ബര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

