തലസ്ഥാനത്തെ മരണന നിരക്ക് ഒരു മാസത്തിനിടെ 1000 കടന്നു  ആദ്യതരംഗത്തില്‍ ഇത്രയും കടന്നത് ഒരു വര്‍ഷം കൊണ്ട്

തിരുവനന്തപുരം: കൊവിഡിന്റെ ഒന്നാം തരഗത്തില്‍ ജില്ലയിലെ മരണ നിരക്ക് 1000 കടക്കാന്‍ ഒരു വര്‍ഷത്തിലധികമാണ് എടുത്തത്. എന്നാല്‍, രണ്ടാം വരവില്‍ ഈ നാഴികക്കല്ല് പിന്നിടാന്‍ എടുത്തത് കേവലം ഒരു മാസത്തിന് താഴെ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് ജില്ലയില്‍ 989 മാത്രമായിരുന്നു മരണനിരക്ക്. കൊവിഡിന്റെ രണ്ടാം തരംഗം എത്രത്തോളം രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകളെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയില്‍ ഇന്നലെ വരെ 2071…… പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഏറ്റവും ഉയര്‍ന്ന മരണനിരക്കും തലസ്ഥാന ജില്ലയില്‍ തന്നെയാണ്.

ജില്ലയിലെ കൊവിഡിന്റെ രണ്ട് തരംഗങ്ങള്‍ താരതമ്യം ചെയ്താല്‍ മരണനിരക്ക് രണ്ട് വിഭാഗക്കാരില്‍ കുറവാണെന്ന് മനസിലാക്കാനാകും. 60നും 69നും ഇടയില്‍ പ്രായമുള്ളവരിലും 70 വയസിന് മുകളിലുള്ളവരിലെയും മരണനിരക്ക് ഏപ്രില്‍ 18ന് ശേഷം കുറഞ്ഞതായി കാണാം. അതേസമയം,​ കഴിഞ്ഞ രണ്ട് മാസത്തിനിടെ 10 -39,​ 40-59 പ്രായമുള്ളവരില്‍ മരണ നിരക്ക് ഉയരുകയും ചെയ്തു. 10നും 39നും ഇടയിലുള്ളവരുടെ മരണ നിരക്ക് ഏപ്രിലിന് മുമ്ബ് നാല് ശതമാനം ആയിരുന്നെങ്കില്‍ അടുത്ത രണ്ട് മാസം കൊണ്ട് ഇത് അഞ്ച് ശതമാനമായി ഉയരുകയായിരുന്നു. 40നും 59നും ഇടയിലുള്ള പ്രായക്കാരിലെ മരണ നിരക്ക് ഇതേ കാലയളവില്‍ 25 ശതമാനത്തില്‍ നിന്ന് 31 ശതമാനമായാണ് ഉയര്‍ന്നത്.

ഒന്നാം തരംഗത്തില്‍ 70ന് മുകളില്‍ പ്രായമുള്ളവരില്‍ അതിരൂക്ഷമായിരുന്ന മരണ നിരക്ക് 39 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി കുറഞ്ഞു. അതേസമയം,​ 60നും 69നും ഇടയില്‍ പ്രായമുള്ളവരുടെ മരണനിരക്ക് 32 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി താഴുകയും ചെയ്തു.

എന്നാല്‍,​ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. ഏപ്രില്‍ നാലാമത്തെ ആഴ്ചയ്ക്ക് ശേഷം മേയ് രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോള്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരുടെ ആഴ്ചയിലെ രോഗബാധിതരുടെ എണ്ണം 3912ല്‍ നിന്ന് 8369ലേക്ക് കുതിച്ചുയര്‍ന്നു. മേയ് നാലാംവാരം പോസിറ്റീവ് കേസുകള്‍ 5987ലേക്ക് താഴ്ന്നപ്പോള്‍,​ ഈ വിഭാഗത്തിലെ മരണ നിരക്ക് 16 ല്‍ നിന്ന് 66 വരെ ഉയര്‍ന്നു.

10-19,​ 30-39,​ 40-49 പ്രായക്കാരിലുള്ള മരണ നിരക്ക് ഏപ്രില്‍ 18ന് ശേഷം ക്രമേണ ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം,​ 50-59, 60-69, 70-79, 80-89,​ 90ന് മുകളില്‍ പ്രായക്കാരുടെ മരണനിരക്ക് വാക്സിനേഷന് മുമ്ബ് താഴുകയും ചെയ്തു. ഏപ്രിലിന് ശേഷം 18,​962 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച ജില്ലയില്‍ എല്ലാ വിഭാഗങ്ങളിലുമായി 917 മരണങ്ങളാണ് ഉണ്ടായത്.

കൊവിഡിന്റെ ആദ്യത്തേയും രണ്ടാമത്തേയും തരംഗത്തിന്റെ സമയത്ത് പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടായ മരണ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്ത്രീകളിലെ മരണനിരക്ക് 35 ശതമാനം ആയിരുന്നത് രണ്ടാം തരംഗത്തില്‍ 40 ശതമാനമായി ഉയര്‍ന്നു. അതേസമയം,​ പുരുഷന്മാരിലെ മരണ നിരക്ക് 65 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി താഴുകയാണ് ചെയ്തു എന്നതും ശ്രദ്ധേയമാണ്. ഏപ്രിലിനും ജൂണിനും ഇടയില്‍ പോസിറ്റീവായവരുടെ എണ്ണം 1.45 ലക്ഷത്തില്‍ നിന്ന് 2.6 ലക്ഷം ആകുകയും ചെയ്തിട്ടുണ്ട്.

prp

Leave a Reply

*