ലോക്ഡൗണ്‍ തുടരണോ? തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ഡൗണുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയാവും സര്‍ക്കാര്‍ തീരുമാനത്തിലെത്തുക.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമുണ്ടാവുക. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെയായതിന് ശേഷം ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

ഇന്നലെ 14.27 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. മിനിഞ്ഞാന്ന് 14.89 ആയിരുന്നു. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് ഉയര്‍ന്നിരുന്നു.

മേയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എട്ട് മുതല്‍ 16 വരെയായിരുന്ന ലോക്ഡൗണ്‍ പിന്നീട് 23 വരെയും, പിന്നീട് ജൂണ്‍ ഒമ്ബത് വരെയും നീട്ടുകയായിരുന്നു.

prp

Leave a Reply

*