ആലപ്പുഴ: ഈസ്റ്റര്‍, മറ്റ് ഉത്സവങ്ങള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുക്കുന്നതും ആളുകള്‍ ഒത്തുകൂടാനിടയുള്ള അവസരങ്ങള്‍ കൂടുന്നതും കോവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
കോവിഡ് രോഗ വ്യാപനത്തില്‍ വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളും മുഖാമുഖം അടുപ്പത്തിലുള്ള ഇടപെടലുകളും പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് ഉത്സവങ്ങള്‍, റാലികള്‍, പ്രദര്‍ശന പരിപാടികള്‍, ജാഥകള്‍, അനുബന്ധമായുള്ള കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്ബോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.
പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും രോഗ വ്യാപനം തടയാനാവശ്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രതിരോധ സജ്ജീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കൂടാതെ വിവരങ്ങള്‍ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. കണ്ടയ്ന്മെന്റ് സോണുകളില്‍ ഉത്സവം പോലെയുള്ള പരിപാടികള്‍ നടത്തരുത്.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കണം. ചടങ്ങുകളില്‍ സംബന്ധിക്കുന്ന എല്ലാവരും മാസ്ക് ശരിയായ രീതിയില്‍ ധരിക്കുകയും അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം.
ഉത്സവപ്പറമ്ബിലും പള്ളികളിലും ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കരുതലെടുക്കണം. സമുഹസദ്യ ഒഴിവാക്കുക. അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത സദ്യ നടത്തേണ്ടതുണ്ടെങ്കില്‍ ശാരീരിക അകലം ഉറപ്പിക്കുന്ന ഇരിപ്പിട ക്രമീകരണവും സമയക്രമീകരണവും ഉറപ്പാക്കുക. ആരാധനാലയങ്ങളിലെ പരികര്‍മ്മികളും സന്ദര്‍ശകരും ഉള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അകത്ത് പ്രവേശിക്കരുത്.
വിവിധ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കൈകള്‍ സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കുക.
പ്രതിഷ്ഠകള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ സ്പര്‍ശിക്കരുത്.

