ഡല്‍ഹി ക്യാപിറ്റല്‍സിനെ കന്നി കിരീടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: സ്റ്റീവ് സ്മിത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ പ്രമുഖ താരങ്ങളിലൊരാള്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായിരുന്ന സ്മിത്തിനെ വരുന്ന സീസണിനുള്ള ടീമില്‍ നിന്ന് ഓഴിവാക്കിയതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ താരം ലേലത്തിന്റെ ഭാഗമായതും ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയതും. കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇത്തവണ കന്നി കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്മിത്ത് പറയുന്നു.

“ഈ വര്‍ഷം ടീമില്‍ ചേരുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ടീമില്‍ മികച്ച കളിക്കാര്‍ ഉണ്ടെന്നും മികച്ച പരിശീലകനുണ്ടെന്നും ഞാന്‍ കരുതുന്നു, അവരോടൊപ്പം അതിശയകരമായ ചില ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. കാത്തിരിക്കാനാവില്ല, “സ്മിത്ത് പറഞ്ഞു.

മുന്‍ ഓസ്ട്രേലിയന്‍ നായകനും നിലവില്‍ ടീമിന്റെ സഹപരിശീലകനുമായ റിക്കി പോണ്ടിങ്ങാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ തന്നെ രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ അജിങ്ക്യ രാഹനെയും ഓസ്ട്രേലിയന്‍ ടീമില്‍ തന്റെ സഹതാരമായിരുന്ന മാര്‍ക്കസ് സ്റ്റൊയിനിസും ഡല്‍ഹിയില്‍ സ്മിത്തിനൊപ്പമുണ്ടാകും. ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ ഇത്തവണയും നയിക്കുന്നത്.

സ്മിത്ത് നയിച്ച രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 311 റണ്‍സായിരുന്നു ഓസിസ് താരത്തിന്റെ സമ്ബാദ്യം. മൂന്ന് അര്‍ധസെഞ്ചുറികളടക്കമായിരുന്നു ഇത്. എന്നാല്‍ സ്മിത്തിന്റെ ക്യാപ്റ്റന്‍സി പരാജയമാണെന്ന വിലയിരുത്തലായിരുന്നു ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയര്‍ന്ന് വന്നത്. 2020 ഒക്ടോബറില്‍ ക്ലബ്ബുമായുള്ള സ്റ്റീവ് സ്മിത്തിന്റെ കരാര്‍ അവസാനിച്ചതായി രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.

അതേസമയം, പ്രതിഫലം കുറഞ്ഞതിനാല്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കുമെന്ന വാദങ്ങളും തള്ളുകയാണ് താരം. 2.20 കോടി രൂപയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയിലുള്ള താരത്തിന് 20 ലക്ഷം രൂപ മാത്രമാണ് അധികമായി ലഭിച്ചത്. സമകാലീന ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം അപ്പോള്‍ മുതല്‍ തന്നെ ഉയര്‍ന്നു കേട്ടിരുന്നു.

prp

Leave a Reply

*