തിരുവനന്തപുരം: നഗരഭരണത്തില്‍ ഇത്തവണ കേവല ഭൂരിപക്ഷം എല്‍.ഡി.എഫ് മറികടന്നതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളില്‍ ഒരെണ്ണം പോലും ബി.ജെ.പിക്ക് ലഭിക്കാനിടയില്ല. എട്ട് സ്ഥിരം സമിതിയുടെയും അധ്യക്ഷ സ്ഥാനങ്ങള്‍ ഘടക കക്ഷികളുമായി പങ്കിട്ടെടുക്കാനാണ് സി.പി.എം തീരുമാനം. 2015ല്‍ എല്‍.ഡി.എഫ് 43 സീറ്റില്‍ ഒതുങ്ങിയതിനെ തുടര്‍ന്ന് 35 സീറ്റുള്ള ബി.ജെ.പിക്ക് നികുതി അപ്പീല്‍കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി ലഭിച്ചിരുന്നു.
100 കൗണ്‍സിലര്‍മാരും ഏതെങ്കിലും സ്ഥിരം സമിതിയില്‍ അംഗങ്ങളായിരിക്കണമെന്നാണ് ചട്ടം. ഇത്തരത്തില്‍ എട്ട് സ്ഥിരം സമിതികളിലായി അംഗങ്ങളെ വിഭജിക്കും. ഒരു കമ്മിറ്റിക്ക് കീഴില്‍ 12-13 അംഗങ്ങള്‍ എന്ന നിലയിലാണ് വിഭജനം. ഇതില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഓരോ കമ്മിറ്റിയും പരമാവധി ഏഴുപേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഭരണകക്ഷിയായ എല്‍.ഡി.എഫ് അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്.
എല്‍.ഡി.എഫിന് ഭൂരിപക്ഷം തികയാത്ത കമ്മിറ്റികളില്‍ യു.ഡി.എഫ് അംഗങ്ങളെ ഉള്‍പ്പെടുത്താനാണ് നിലവിലെ തീരുമാനം. കമ്മിറ്റിയിലേക്ക് മത്സരമുണ്ടായാല്‍ യു.ഡി.എഫ് എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. കൂടാതെ, പൂന്തുറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി മേരി ജിപ്സി ഇടതുപക്ഷത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി മേയര്‍ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ ചുമതല വഹിക്കുന്നതിനാല്‍ ഇതിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. വികസനം, ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ ഇത്തവണ വനിതാ സംവരണമാണ്. ക്ഷേമകാര്യം, മരാമത്ത്, നികുതി അപ്പീല്‍ സ്ഥിരം സമിതികളില്‍ ഇക്കുറി സംവരണമില്ല.
ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐക്ക് നല്‍കും. മുതിര്‍ന്ന നേതാവ് പി.കെ. രാജുവാണ് പരിഗണനയില്‍ മുന്നില്‍. ജില്ല കമ്മിറ്റി അംഗം വി.എസ്. സുലോചനെന്റ പേരും ഉയരുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമെ ഇക്കുറി ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും കൂടി സി.പി.ഐ ചോദിച്ചേക്കും. 1995-2000 കാലയളവില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഏഴായിരുന്നു. അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടാതെ, പൂന്തുറയില്‍ വിജയിച്ച ആന്റണി ബെഞ്ചിലാസിന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്കി. കഴിഞ്ഞ നാല് കൗണ്‍സിലുകളിലായി സി.പി.ഐ പ്രാതിനിധ്യം ഏഴില്‍ താഴെയായിരുന്നു.
അതിനാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാത്രമാണ് ലഭിച്ചിരുന്നത്. ഇക്കുറി ഒമ്ബതായി പ്രാതിനിത്യം വര്‍ധിച്ചതാണ് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൂടി അവകാശവാദം ഉന്നയിക്കാന്‍ കാരണം. കോണ്‍ഗ്രസ് എസിലെ പാളയം രാജനെ ക്ഷേമകാര്യസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വികസനം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസ സ്ഥാനങ്ങള്‍ സി.പി.എം കൈവശം വെക്കാനാണ് സാധ്യത.
മെഡിക്കല്‍ കോളജിലെ ഡി.ആര്. അനില്‍, വള്ളക്കടവില്‍ നിന്നുള്ള ഷാജിദ നാസര്‍, വഞ്ചിയൂരിലെ ഗായത്രി ബാബു, ചാക്കയിലെ എം. ശാന്ത, ശ്രീകാര്യത്തെ സ്റ്റാന്‍ലി ഡിക്രൂസ്, മുട്ടത്തറയിലെ ബി. രാേജന്ദ്രന്‍ തുടങ്ങിയവരെയെല്ലാം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

