തിരുവനന്തപുരം: വ്യാജ നിയമന ഉത്തരവുകള്‍ തയ്യാറാക്കി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ സരിത എസ് നായര്‍ക്കെതിരെ നിലവില്‍ ഒരു നടപടിയും പാടില്ലെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം. ഭരണകക്ഷി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നെയ്യാറ്റിന്‍കര പൊലീസിന് നിര്‍ദേശം നല്‍കിയത്.
സരിതയുടെയോ കൂട്ടുപ്രതികളുടെയോ വീടുകള്‍ റെയ്ഡ് ചെയ്യാനോ രേഖകള്‍ പിടിച്ചെടുക്കാനോ പാടില്ലെന്നാണ് ലോക്കല്‍ പൊലീസിന് നിര്‍ദേശം കിട്ടിയിരിക്കുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണു മറ്റു പ്രതികള്‍. കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥിയാണ് രതീഷ്. സരിതയുമായി ചേര്‍ന്നു ജോലി വാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങള്‍ തട്ടുകയും വ്യാജ നിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രതീഷ്. തട്ടിപ്പിന്റെ പേരില്‍ ഇന്നലെ ഇദ്ദേഹത്തെ സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. സരിതയെ അറസ്റ്റ് ചെയ്താല്‍ പല ഉന്നതരും കുടുങ്ങുമെന്നാണ് കരുതുന്നത്.
കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നല്കിയ രണ്ട് പേരാണ് പരാതി നല്‍കിയത്. ഇരുപതിലേറെ പേര് കബളിപ്പിക്കപ്പെട്ടതായാണ് സൂചന. നിയമന ഉത്തരവുമായി യുവാക്കള്‍ എത്തിയപ്പോള്‍ തന്നെ വ്യാജമാണെന്നു തിരിച്ചറിഞ്ഞെന്നും സംഭവം വിജിലന്‍സ് അന്വേഷണത്തിനു വിട്ടെന്നുമാണു ബെവ്കോ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥിക അന്വേഷണം പോലും ആരംഭിച്ചിട്ടില്ല.

