തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ രാജിവെയ്ക്കുമോ? ഇല്ലെങ്കില്‍ മാപ്പ് പറയുമോ’; ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും വെല്ലുവിളിച്ച്‌ മന്ത്രി ബാലന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും വെല്ലുവിളിച്ച്‌ മന്ത്രി എ കെ ബാലന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനവും മുല്ലപ്പള്ളി കെപിസിസി അദ്ധ്യക്ഷ സ്ഥാനവും രാജി വെയ്ക്കുമോ എന്നാണ് എ കെ ബാലന്‍ ചോദിച്ചത്.

എല്‍ഡിഎഫിനെതിരായ ആരോപണം ജനം പുച്ഛിച്ച്‌ തള്ളും. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു. യുഡിഎഫിന്റെ ജമാ അത്ത് ബന്ധം മുസ്ലിം ലീഗ് അണികളില്‍ തെറ്റായ സന്ദേശം നല്‍കും. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബാന്ധവം കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാശമാകും. എല്‍ഡിഎഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്നും മന്ത്രി പ്രതികരിച്ചു.

ഇടതുമുന്നണി വലിയ ഭൂരിപക്ഷം നേടും. മറിച്ചായാല്‍ സര്‍ക്കാര്‍ രാജിവെയ്ക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോള്‍ മറുപടി പറയാമെന്നും അദ്ദേഹം പ്രതികരിച്ചു. ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളുടെ മുന്നില്‍ പോയി പ്രതിപക്ഷ നേതാക്കള്‍ കുറ്റം പറഞ്ഞാല്‍ ആളുകള്‍ അവരെ ആട്ടി വിടും. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തില്‍ എത്തുമോയെന്ന് പറയാനാകില്ല. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*