പയറ്റിത്തെളിയാനെത്തിയ ചൈനയുടെ പൂതി നടന്നില്ല, ഗുജറാത്തിന് അടുത്ത് പാക് മണ്ണിലെ അഭ്യാസത്തില്‍ ചൈനയുടെ ആഗ്രഹത്തിന് അമേരിക്കയുടെ ചെക്ക്

ഇസ്ളാമാബാദ് : ലഡാക്കിലടക്കം അതിര്‍ത്തി പ്രശ്നം സങ്കീര്‍ണമായിരിക്കവേ ചൈന ഇന്ത്യയുടെ ബന്ധശത്രുവായ പാകിസ്ഥാനുമായി വ്യോമാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. സിന്ധിലെ ഭോളാരിയിലെ പാകിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫിന്റെ) പുത്തന്‍ എയര്‍ ബേസിലാണ് ഷഹീന്‍ (കഴുകന്‍) വ്യോമാഭ്യാസത്തിന്റെ ഒന്‍പതാം പതിപ്പിന് അരങ്ങേറ്റം കുറിച്ചത്. 50 യുദ്ധവിമാനങ്ങളോളം ഉള്‍ക്കൊള്ളാനാവുന്ന എയര്‍ ബേസാണിത്. എന്നാല്‍ പാക് ചൈന വ്യോമാഭ്യാസത്തില്‍ ശ്രദ്ധാ കേന്ദ്രമാകുമെന്ന് കരുതിയ ഒരു വിമാനം അഭ്യാസത്തില്‍ പങ്കെടുക്കുന്നില്ല, അമേരിക്കന്‍ നിര്‍മ്മിത എഫ് 16 യുദ്ധവിമാനമാണത്. പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്നും കരസ്ഥമാക്കിയ വിമാനത്തിന്റെ ശക്തി പരിശോധിക്കുക എന്നത് ചൈനയെ സംബന്ധിച്ചടത്തോളം അത്യാവശ്യമായിരുന്നു.

ചൈനയുടെ അയല്‍ രാജ്യങ്ങളായ തായ്വാന്‍, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളുടെ വ്യോമസേനയുടെ കുന്തമുനയാണ് ഈ അമേരിക്കന്‍ വിമാനങ്ങള്‍. ഇതില്‍ തായ്വാനുമായി ചൈന വൈകാതെ യുദ്ധത്തിലേര്‍പ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമാണ്.

അമേരിക്കയില്‍ നിന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങള്‍ അനുവദിച്ചത്. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്ക് കരയും ആകാശവും ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതിനുള്ള പ്രതിഫലമാണ് ഈ ഇടപാടെന്നും കരുതുന്നു. എന്നാല്‍ ഈ വിമാനങ്ങള്‍ കൈമാറിയപ്പോള്‍ നിരവധി നിയന്ത്രണങ്ങളും അമേരിക്ക മുന്നോട്ട് വച്ചിരുന്നു. മറ്റു രാജ്യങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുവാന്‍ ഉപയോഗിക്കരുത് എന്നതാണ് ഇതില്‍ പ്രധാനം. ബലാകോട്ടില്‍ ഇന്ത്യന്‍ ബോംബിംഗിന് മറുപടി നല്‍കാന്‍ പക്ഷേ പാകിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. എന്നാല്‍ ഇത് പരസ്യമായി സമ്മതിക്കാന്‍ പാകിസ്ഥാന്‍ മടിച്ചത് അമേരിക്കയുടെ കോപം ഭയന്നാണ്. (അതേ സമയം ഇന്ത്യയുടെ മിഗ് 21 ബൈസണിന്റെ ആക്രമണത്തില്‍ തങ്ങള്‍ നിര്‍മ്മിച്ച വിമാനം തകര്‍ന്നുവെന്നത് പുറത്ത് വരാന്‍ അമേരിക്കയും ആഗ്രഹിക്കുന്നില്ല).

സിന്ധിലെ ഭോളാരി എഫ് 16 വിമാനം സൂക്ഷിക്കുന്ന പാകിസ്ഥാന്റെ മൂന്നാമത്തെ ബേയ്സാണ് എന്നതും ശ്രദ്ധേയമാണ്. എഫ് 16 ഉപയോഗിക്കാനാവാത്തതോടെ ചൈന പാക് വ്യോമാഭ്യാസം വെറും ചടങ്ങ് മാത്രമായി മാറും, കാരണം പാകിസ്ഥാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മിക്ക പുതുതലമുറ വിമാനങ്ങളും ചൈനീസ് നിര്‍മ്മിതമാണ്. പിഎഎഫ് ജെഎഫ് 17, മിറാഷ് 3, ജെ 10, ജെ 11 എന്നീ വിമാനങ്ങളാണ് ഇരു രാജ്യങ്ങളുടേതുമായി നിലവില്‍ അഭ്യാസത്തില്‍ പങ്കാളികളാവുന്നത്. ഇതില്‍ ജെ 10 എന്ന ചൈനീസ് യുദ്ധവിമാനം അമേരിക്കന്‍ എഫ് 16ന്‍െറ തനി പകര്‍പ്പാണെന്നത് മറ്റൊരു കാര്യം.

അമേരിക്കയുമായി പാകിസ്ഥാനുമായി ഉണ്ടാക്കിയ കരാര്‍ തെറ്റിക്കുകയാണെങ്കില്‍ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്ന പ്രവൃത്തികളില്‍ നിന്നും ആയുധങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ നിന്നും ഏകപക്ഷീയമായി പിന്‍വാങ്ങാന്‍ കഴിയും. പാകിസ്ഥാന്‍ ആണവായുധ പരീക്ഷണം നടത്തിയ ഘട്ടത്തില്‍ 1980 കളുടെ തുടക്കത്തില്‍ വാങ്ങിയ 32 എഫ് 16 വിമാനങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. 2001 ലെ 9/11 ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് പിന്നീട് അമേരിക്ക പാകിസ്ഥാനുമായി അടുക്കാന്‍ കാരണമായി തീര്‍ന്നത്.

prp

Leave a Reply

*