തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കമ്മിഷന് കിട്ടിയെന്നാണ് സ്വപ്ന പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യവാങ്മൂലത്തില്‍ സ്വപ്ന സുരേഷ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായത്തോടെ ബാങ്ക് ലോക്കറില്‍ വച്ചത്. ലൈഫ് പദ്ധതിയില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദുബായ് പോകുന്നതിന് നാല് ദിവസം മുമ്ബ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിക്ക് പോയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
പാവങ്ങള്‍ക്ക് വീട് വച്ച് കൊടുക്കാനുള്ള പദ്ധതിയില്‍ നിന്നാണ് ഒരു കോടി രൂപയാണ് കമ്മിഷന് നേടിയിരിക്കുന്നത്. റെഡ് ക്രസന്റും ലൈഫ് മെഷീനുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റെഡ് ക്രസന്റ് ഇവിടത്തെ റെഡ് ക്രോസുമായി ബന്ധപ്പെട്ടിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. പദ്ധതി നടപ്പാക്കാനായി ഏല്‍പ്പിച്ച യൂണിടെക്കില്‍ ശിവശങ്കറിന് സ്വാധീനമുണ്ട്.
മുഖ്യമന്ത്രി പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങള്‍ക്കും മേല്‍ കുതിരകയറുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഭാവനിയിലൂടെ ഉയര്‍ന്ന കെട്ടുകഥയല്ല എന്‍.ഐ.എ അന്വേഷിക്കുന്നത്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഉറപ്പാണ്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും അനാവശ്യമായി കഥകള്‍ മെനഞ്ഞുണ്ടാക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

