പൊന്നാനി > പ്രളയം നേരിടാന്‍ 19 ഫൈബര്‍ വള്ളങ്ങളും പോരാളികളും തയ്യാര്‍. കോസ്റ്റല്‍ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് നിലമ്ബൂരിലേക്കും വാഴക്കാട്ടേക്കും ബോട്ടുകള്‍ എത്തിച്ചത്. പൊന്നാനി, താനൂര്‍ ഭാഗങ്ങളില്‍നിന്നായി വള്ളങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുള്‍പ്പെടെ മുപ്പത്തെട്ടോളം പേരുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്ബൂരില്‍ എത്തിച്ച 12 ഫൈബര്‍ വള്ളങ്ങള്‍ക്ക് ഏഴ് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുണ്ട്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് വാട്ടേഴ്സ് സ്പോര്‍ട്സില്‍നിന്ന് 15 ദിവസത്തെ വിദഗ്ധ പരിശീലനം ലഭിച്ച 15 റെസ്ക്യൂ ഗാര്‍ഡുമാരാണ് ഈ വള്ളങ്ങളോടൊപ്പമുള്ളത്. ഇവര്‍ക്കൊപ്പം ഒന്‍പത് മത്സ്യ തൊഴിലാളികളും.
പൊന്നാനി തീരദേശ പൊലീസിന് ലഭിച്ച മൂന്ന് വലിയ ഫൈബര്‍ വള്ളങ്ങള്‍ നിലമ്ബൂരിലെത്തിയിട്ടുണ്ട്. നാല് ചെറിയ ഫൈബര്‍ വള്ളങ്ങള്‍ വാഴക്കാട്ടും ഇറക്കി. ലോറികളിലാണ് വള്ളങ്ങളെത്തിച്ചത്. 10 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയുമുള്ള വലിയ ഫൈബര്‍ വള്ളത്തില്‍ 25 പേര്‍ക്ക് കയറാം. ആറ് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ചെറു ഫൈബര്‍ വള്ളം നാലഞ്ചു പേരെ ഉള്‍ക്കൊള്ളും. ഓഖി ദുരന്ത സമയത്ത് ലഭിച്ചവയാണ് ഈ ഫൈബര്‍ വള്ളങ്ങള്‍. കഴിഞ്ഞ പ്രളയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പറവൂരിലേക്കും വാഴക്കാട്ടേക്കും കൊണ്ടുപോയിരുന്നു.
ഇതിനുപുറമെ, സര്‍ക്കാരില്‍നിന്ന് വള്ളവും എന്‍ജി-നും ലഭിച്ച പൊന്നാനിയിലെ ഒരു മത്സ്യത്തൊഴിലാളിയും സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് ഈ സംഘത്തോടൊപ്പമുണ്ട്. പാലപ്പെട്ടി, വെളിയങ്കോട്, താനൂര്‍, പരപ്പനങ്ങാടി മേഖലകളിലെ മത്സ്യത്തൊഴിലാളികളും സ്വമേധയാ സ്വന്തം വള്ളവുമായി പ്രളയ രക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തി.

