തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിടചൊല്ലി അരുവിക്കരയിലെ കുപ്പിവെള്ള പ്ളാന്റില്‍ നിന്നുള്ള കുപ്പിവെള്ളം അടുത്ത മാസത്തോടെ വിപണിയിലെത്തും. തുടക്കത്തില്‍ 20 ലിറ്ററിന്റെ കാനാണ് വിപണിയിലെത്തിക്കുക.
ഒന്ന്, രണ്ട് ലിറ്റര്‍ കുപ്പികളിലുള്ള വെള്ളം പിന്നീട് മാത്രമേ പുറത്തിറക്കൂ. 20 ലിറ്രര്‍ കാനിന്റെ വിതരണം കുടുംബശ്രീയെ ഏല്പിക്കുന്നതും ആലോചിക്കുന്നുണ്ട്. അടുത്ത മാസം പകുതിയോടെ പ്ളാന്റിന്റെ ഉദ്ഘാടനം നടത്താനാണ് നടത്തിപ്പുകാരായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കിഡ്ക്) ലക്ഷ്യമിടുന്നത്. ആഗസ്റ്റ് ആദ്യവാരം ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ അംഗീകാരത്തിനായി പ്ളാന്റ് സമര്‍പ്പിക്കും. വാട്ടര്‍ അതോറിട്ടി നിര്‍മ്മിച്ച പ്ളാന്റിന്റെ രൂപകല്‍പ്പനയിലെ അപാകതയെ തുടര്‍ന്നാണ് ബി.ഐ.എസ് അംഗീകാരം ലഭിക്കാതിരുന്നതെന്നാണ് കിഡ്ക് പറയുന്നത്. തുടര്‍ന്ന് കിഡ്ക്ക് തങ്ങളുടേതായ രീതിയില്‍ പ്ളാന്റിലെ യന്ത്രങ്ങള്‍ പരിഷ്കരിച്ചാണ് ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്.
പ്ളാന്റും നടത്തിപ്പും
2006ലാണ് പ്ളാന്റ് സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയത്. പ്ലാന്റ് കമ്മിഷന് ചെയ്യുന്നതിനും അതിനുശേഷമുള്ള ഉത്പാദനം, വിപണനം എന്നിവയടക്കമുള്ള നടത്തിപ്പ് കിഡ്ക്കിനെ ഏല്‍പ്പിക്കാനാണ് വാട്ടര്‍ അതോറിട്ടി നേരത്തെ തീരുമാനിച്ചിരുന്നത്.
തുടക്കത്തില്‍ ലാഭത്തിന്റെ 50 ശതമാനം കൈമാറാമെന്നാണ് കിഡ്ക് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അവര്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. വാട്ടര്‍ അതോറിട്ടി തീരുമാനിച്ചിരുന്ന ’തെളിനീര്’ എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും പ്ലാന്റിന്റെ നടത്തിപ്പില്‍ അതോറിട്ടിയുടെ ഒരു മേല്‍നോട്ടവും പാടില്ലെന്നും കിഡ്ക് നിലപാടെടുത്തു. പിന്നാലെ പ്ളാന്റിന്റെ ചുമതല ഏഴ് വര്‍ഷത്തേക്ക് കിഡ്ക്കിന് സര്‍ക്കാര്‍ കൈമാറി.
പദ്ധതിയുടെ മുഴുവന്‍ തുകയും സര്‍ക്കാരിന്റേതാണ്. വാട്ടര്‍ അതോറിട്ടിക്ക് നിക്ഷേപമില്ലാത്തതിനാല്‍ ലാഭവിഹിതം നല്‍കില്ല. അതേസമയം പ്ളാന്റിന്റെ തറ വാടകയും വെള്ളക്കരവും വാട്ടര്‍ അതോറിട്ടിക്ക് നല്‍കും.
പ്ളാന്റിന്റെ പൂര്‍ണചുമതല ലഭിച്ചിരുന്നെങ്കില്‍ വാട്ടര്‍ അതോറിട്ടിക്ക് 50 ലക്ഷം രൂപ പ്രതിമാസം ലാഭം കിട്ടുമായിരുന്നു. പ്ലാന്റ് വിട്ടുകൊടുക്കേണ്ടി വന്നതോടെ ഫലത്തില്‍ അത് നഷ്ടമായെന്ന് പറയാം.
പ്ളാന്റിന്റെ ശേഷി
പ്രതിദിന വിതരണശേഷി 1.8 ലക്ഷം ലിറ്റര്‍ വെള്ളം. ഒരു ലിറ്ററിന്റെ 1.15 ലക്ഷം കുപ്പികള്‍, 2 ലിറ്ററിന്റെ 1600 എണ്ണം, അര ലിറ്ററിന്റെ 16,456 എണ്ണം, 20 ലിറ്ററിന്റെ 2720 എണ്ണം എന്നിങ്ങനെയാകും പ്രതിദിന വിപണനം.
മണിക്കൂറില്‍ 7200 കുപ്പി വെള്ളം നിറയ്ക്കാവുന്ന രണ്ട് പ്ലാന്റുകള്‍ ഒരേസമയം പ്രവര്‍ത്തിക്കും.
എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് ഒരു ഷിഫ്റ്റില്‍ 58,000 കുപ്പി വെള്ളം ഉത്പാദിപ്പിക്കാനാവും.
ഹില്ലി അക്വ
അരുവിക്കര പ്ളാന്റില്‍ നിന്നുള്ള കുപ്പിവെള്ളത്തിനും ഹില്ലി അക്വ എന്നാണ് പേര്. നിലവില്‍ ഈ പേരില്‍ കിഡ്ക് തൊടുപുഴയിലെ പ്ളാന്റില്‍ നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്.
ഒരു ലിറ്റര്‍ കുപ്പിവെള്ളം 15നും രണ്ട് ലിറ്റര്‍ 20 രൂപയ്ക്കും വിപണിയിലെത്തിക്കാനാണ് ലക്ഷ്യം. ഫാക്ടറി ഔട്ട്ലെറ്റുകളില് നിന്ന് നേരിട്ട് വാങ്ങിയാല്‍ ലിറ്ററിന് 10 രൂപ.

