ജീവിക്കാന്‍ എനിക്ക് ഓക്‌സിജന്‍ വേണ്ട!


ഓക്‌സിജനാണ് ജീവന്റെ നിലനില്‍പ്പിന് അടിസ്ഥാനം. എന്നാല്‍, ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ഓക്‌സിജന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാഗജീവിക്ക് ഓക്‌സിജനില്ലാതെയും ജീവിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പി.എന്‍.എ.എസ് എന്ന ശാസ്‌ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തിന് താഴെ മാത്രം കോശങ്ങളുള്ള ഈ ജീവിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്.

ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി,​ പരിണാമത്തിനിടയില്‍ ഓക്‌സിജന്‍ ശ്വസിക്കുന്നത് ഉപേക്ഷിച്ചിരിക്കുന്നതായി കണ്ടെത്തല്‍ നടത്തിയ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട പരിണാമത്തിനിടയില്‍ ഓക്‌സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച്‌ ശ്വസിക്കാനുള്ള കഴിവുനഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെയുള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്‌സിജന്‍ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് കരുതുന്നത്.

ഓക്‌സിജന്‍ ഉപയോഗിച്ച്‌ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോണ്‍ഡ്രിയകള്‍ ഈ ജീവികളിലില്ല എന്നതാണ് ഈ നിഗമനത്തിലേക്ക് അവരെ നയിച്ചത്. എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത് എന്നു വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല.

പരിണാമപ്രക്രിയയിലൂടെ ഏകകോശജീവികള്‍ കൂടുതല്‍ സങ്കീര്‍ണമായ ബഹുകോശജീവികളായി മാറുകയാണ് പതിവ്. എന്നാല്‍, ഈ ജീവി ഓക്‌സിജനില്ലാത്ത പരിസ്ഥിതിയില്‍ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച്‌,​ സാവധാനം കൂടുതല്‍ ലളിതമായ ശാരീരിക വ്യവസ്ഥകളുള്ള ജീവിയായി മാറുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

prp

Leave a Reply

*