ദിലീഷ് പോത്തന്റെ മധുര സമ്മാനം

കടുത്ത വേനലില്‍ കിട്ടുന്ന അപ്രതീക്ഷിത മഴ പോലെ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം മലയാളി പ്രേക്ഷകരെ കുളിര്‍പ്പിച്ചു. മര്യാദയുള്ള ഒരു ചിത്രം. നിഷ്‌കളങ്കമായ കഥ. കഥയെന്നല്ല സത്യത്തില്‍ പറയേണ്ടത്, സാധാരണ മനുഷ്യരുടെ തികച്ചും സാധാരണ ജീവിതമെന്നാണ്. അത്രക്കും സ്വഭാവികമായി ആഖ്യാനം നടത്തിയിരിക്കുന്ന ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. പ്രകൃതിയോടു ചേര്‍ന്ന്, മനുഷ്യനോടു ചേര്‍ന്ന്, മനുഷ്യന്റെ കൂടി പ്രകൃതിയോടു ചേര്‍ന്ന്, ഈ ചിത്രം നില്ക്കുന്നുവെന്ന് ആരും നിസ്സംശയം പറയും. മറ്റൊരു സിനിമയുമായോ കഥയുമായോ സംഭവങ്ങളുമായോ നടീനടന്മാരുടെ അഭിനയവുമായോ ഒട്ടും താരതമ്യം ഈ സിനിമ ആവശ്യപ്പെടുന്നില്ലെന്നത് ഈ ചിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും മാത്രമാണ്. എം.ടി യുടെ ഒരു നോവല്‍ വായിച്ചു പോകുന്നതുപോലത്തെ അനുഭവമാണ് ചിത്രം കണ്ടിരിക്കുമ്പോള്‍.
സംവിധായകനായ ആഷിക് അബു നിര്‍മ്മാതാവുകയും അദ്ദേഹത്തിന്റെ സഹ സംവിധായകനായിരുന്ന ദിലീഷ് പോത്തന്‍ സംവിധായകനാവുകയും ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Maheshinte Prathikaram hit or flop

ഒരു ഗ്രാമീണ ഫോട്ടോഗ്രാഫറുടെ പ്രണയവും പ്രതികാരവുമൊക്കെയാണ് ഈ സിനിമയുടെ പശ്ചാത്തലമെന്ന് സിനിമാ വാര്‍ത്തകളില്‍ ആദ്യം മുതല്‌ക്കേ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോഴാണ്, മലയാള സിനിമയിലെ സാധാരണ പ്രണയവും പ്രതികാരവുമൊന്നുമല്ല മഹേഷിന്റെ പ്രണയവും പ്രതികാരവുമെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്. ഈ സിനിമയുടെ വിജയത്തിന്റെ ഫോര്‍മുലയും അതുതന്നെ. പ്രണയവും പ്രണയ നൈരാശ്യവും, സ്‌നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ നായകന്‍ നടത്തുന്ന അതി സാഹസിക ശ്രമങ്ങളും, അതിനു തടസ്സം നില്ക്കുന്ന വില്ലന്മാരെ ഇടിച്ചു തോല്പിക്കുന്ന കിടിലന്‍ കഥാന്ത്യവുമെല്ലാം ഈ സിനിമയില്‍ നിന്നും കാതങ്ങള്‍ക്കകലെയാണ്. അഭിനേതാക്കളാകട്ടെ- പ്രധാനരും അപ്രധാനരും- അഭിനയിക്കുന്നേയില്ലതാനും. അവരെല്ലാം ഒരു ഗ്രാമ ജീവിതത്തന്റെ തുടിപ്പുകളായി നിറഞ്ഞു നില്ക്കുകയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരെ ആദ്യാവസാനം ഈ ചിത്രത്തിനൊപ്പം അനുയാത്ര ചെയ്യിക്കാന്‍ സംവിധായകന് അനായാസം കഴിഞ്ഞു.
ഫഹദും അനുശ്രീയും ആണ് ഈ ചിത്രത്തിലെ താരപ്രഭയുള്ള അഭിനേതാക്കളെങ്കില്‍ അവര്‍ക്കൊപ്പം തന്നെയാണ് മറ്റെല്ലാ നടീനടന്മാരും. ഓരോരുത്തരുടെയും സ്വഭാവിക ചലനങ്ങളാകട്ടെ, ഒപ്പം അഭിനയിക്കുന്നവര്‍ക്ക് നല്ല ബലവുമായി. ജാഫര്‍ ഇടുക്കിയുടെ വേഷവും അഭിനയവും താന്‍ അഭിനയിച്ച മറ്റു വേഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. . സൗബിനും അലന്‍ ഷിയറും സമ്പന്നമായ അഭിനയവുമായാണ് ചിത്രത്തില്‍ ജീവിക്കുന്നത്. അപര്‍ണ്ണ, ലിജോ മോള്‍ തുടങ്ങിയവര്‍ പുതുമുഖങ്ങളാണെന്ന് തോന്നിപ്പിച്ചതേയില്ല. ഒട്ടേറെ മറ്റു പുതുമുഖങ്ങളും ചിത്രത്തിലുണ്ട്്. ഇവരെല്ലാം അവരവരുടെ റോളുകളില്‍ കുറ്റമറ്റവരായി.

311023578875-Maheshinte-Prathikaram-BGM-Ringtonesഫോട്ടോഗ്രാഫി ക്യാമറകൊണ്ടല്ല, മറിച്ച് മനസ്സിന്റെ അകക്കണ്ണുകൊണ്ടാണെന്ന് ഷൈജു ഖാലിദ് തെളിയിച്ചു തരുന്നു. പൂര്‍ണ്ണമായും ഇടുക്കിയില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ ഇടുക്കിയുടെ മലനിരകളും കാറ്റും മഴയും പച്ചപ്പും ഹൈറേഞ്ചിന്റെ ജീവിത ഛായകളും ജീവന്‍ വച്ചു നില്ക്കുന്നുണ്ട്. ഇടുക്കി തലയെടുപ്പുള്ള ഒരു കഥാപാത്രം തന്നെയായാണ് ചിത്രത്തില്‍ അവതരിക്കുന്നത്. ഗാനങ്ങളില്‍ ടൈറ്റില്‍ സോംങ് മികച്ചതായി. ആ പാട്ടിന്റെ വരികളും ചിത്രീകരണവും ഇടുക്കിയുടെ നൈര്‍മ്മല്യം ഏറ്റു പറയുന്നു.

സൈജു ശ്രീധറിന്റെ എഡിറ്റിംഗും സമീറ സനീഷിന്റെ കോസ്റ്റ്യൂമും സിനിമയുടെ വിജയത്തെ നന്നായി സഹായിച്ചു.
സ്വഭാവിക സംഭാഷണങ്ങളില്‍ തനിയെ പൊഴിഞ്ഞു വീഴുന്നതുപോലെയുള്ള തമാശകള്‍ കേള്‍ക്കുമ്പോഴും അതിന്റെ അവതരണം കാണുമ്പോഴും ഗ്രാമീണ ജീവിതത്തെ പരിചയമുള്ളവര്‍, ഇതു ഞാന്‍ നിത്യേന കാണുന്നതാണല്ലോയെന്ന് ഓര്‍ത്തു പോകും. മരണവീട്ടിലെ രംഗങ്ങളും, തന്നെ തല്ലിയവനെ തിരിച്ചു തല്ലാന്‍ നായകന്‍ പുറപ്പെടുമ്പോള്‍ അതു കാണാനും ആഘോഷിക്കാനും ഓട്ടോറിക്ഷ വിളിച്ച് പോകുന്ന നാട്ടുകാരും ഒക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഫോട്ടോയെടുക്കുമ്പോള്‍ ഫഹദിന്റെ ‘ഐ ഓപ്പണ്‍’ എന്ന കമാന്‍ഡ് ഒരു മാസ്റ്റര്‍ പീസായി. ആകെയുള്ള രണ്ടു സ്റ്റണ്ട് രംഗങ്ങള്‍ നല്ല നാടന്‍ തല്ലുമായി.
അഭിനേതാവും സഹ സംവിധായകനുമായി മലയാളി പ്രേക്ഷകര്‍ക്കു സുപരിചിതനായ ദിലീഷ് പോത്തന്‍ ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം എന്ന് വിശ്വസിപ്പിക്കുക പ്രയാസം. നടനും സംവിധായകനും കഥാകൃത്തും എഡിറ്ററും എല്ലാം സര്‍വ്വ പ്രഭാവങ്ങളോടും കൂടി അദ്ദേഹത്തില്‍ സന്നിവേശിച്ചിരിക്കുകയാണ് ഈ സിനിമയിലെന്ന് നല്ല സിനിമയെ കാംക്ഷിക്കുന്ന ആരും നിസ്സംശയം പറയും. നല്ല സിനിമയെടുക്കുന്ന സംവിധായകരുടെ പട്ടികയില്‍ ദിലീഷ് പോത്തന്‍ സ്ഥാനം പിടിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

By: തങ്കച്ചന്‍ മരിയാപുരം

content courtesy: http://cinemapathram.com/
prp

Related posts

Leave a Reply

*