National Doctor’s Day 2020| ഡോക്ടര്‍മാരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; സേവനത്തെ അഭിനന്ദിച്ച്‌ അമിത് ഷായും രാഹുല്‍ ഗാന്ധിയും

ഡോക്ടര്‍മാരുടെ ദിനത്തില്‍ അവരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കോവിഡിനെതിരായ തീവ്രമായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ ഡോക്ടര്‍മാരെ, അസാധാരണമായ പരിചരണം നല്‍കുന്നവരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഡോക്ടര്‍മാരെ അഭിവാദ്യം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. -”ഡോക്ടര്‍മാരുടെ ദിനത്തില്‍, കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍‌നിരയിലുള്ള ഞങ്ങളുടെ ധീരരായ ഡോക്ടര്‍മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാഷ്ട്രത്തെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിനുള്ള അവരുടെ തികഞ്ഞ പ്രതിബദ്ധത തീര്‍ച്ചയായും അസാധാരണമാണ്. രാഷ്ട്രം അവരുടെ ഭക്തിക്കും ത്യാഗത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു.”- അമിത് ഷാ കുറിച്ചു.


”കോവിഡ് കാലത്തും പ്രതീക്ഷയേകുന്ന സമര്‍പ്പിത പ്രൊഫഷണലുകളോട് ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്.”- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.



ഡോക്ടര്‍മാരുടെ ദിനം

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ഡോക്ടറുമായ ബി. സി റോയിയോടുള്ള ആദരസൂചകമായാണ് ഇന്ത്യയില്‍ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനാണ് ബി സി റോയ് ജനിച്ചത്. എണ്‍പതാം വയസ്സില്‍, 1962ന് അന്തരിച്ചു.

സമൂഹത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. കോവിഡിനെതിരെ പട പൊരുതുകയാണ് ഇന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാന്‍ ഈ ഡോക്ടര്‍മാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ് ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ ജീവിതത്തിന്റെ വില ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്.

ലോകമെമ്ബാടും ഡോക്ടര്‍മാരുടെ ദിനം വ്യത്യസ്ത തിയതികളിലാണ് ആചരിക്കുന്നത്. അമേരിക്കയില്‍ മാര്‍ച്ച്‌ 30നും ഇറാനില്‍ ഓഗസ്റ്റ് 23നും ക്യൂബയില്‍ ഡിസംബര്‍ മൂന്നിനുമാണ് ഡോക്ടേഴ്സ് ദിനം.

prp

Leave a Reply

*