പാംഗോങില്‍ പിടിമുറുക്കാന്‍ ചൈന; പിന്മാറാതെ ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: ലഡാക്കിന് സമീപം പാംഗോങ് തടാകത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഉപാധിയുമായി ചൈന. ഫിംഗര്‍ 4ല്‍ നിന്നും ഫിംഗര്‍ 2വിലേക്ക് ഇന്ത്യ പിന്‍മാറുകയാണെങ്കില്‍ ഇതിന് അനുസൃതമായി തങ്ങളും ഫിംഗര്‍ 4ല്‍ നിന്നും ഫിംഗര്‍ 6ലേക്ക് മാറാമെന്ന നിര്‍ദ്ദേശമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ ഫിംഗര്‍ 1 മുതല്‍ 8 വരെ തങ്ങളുടേതാണെന്നും, ചൈന തങ്ങളുടെ സേനയെ ഇവിടെ നിന്ന് പൂര്‍ണമായി പിന്‍വലിക്കണമെന്നുമുള്ള നിലപാടിലാണ് ഇന്ത്യ. ഫിംഗര്‍ 1 മുതല്‍ 8 വരെയുള്ള മേഖല ഇന്ത്യ പട്രോളിംഗ് നടത്തുന്നയിടമാണ്. എന്നാല്‍ ഫിംഗര്‍ 4 മുതല്‍ ഫിംഗര്‍ 8 വരെയുള്ള മേഖലയ്ക്കാണ് ചൈന അവകാശവാദം ഉയര്‍ത്തുന്നത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം ഏകദേശം എട്ട് കിലോമീറ്ററോളം വരും. നിലവില്‍ ഫിംഗര്‍ 4 ആണ് അതിര്‍ത്തിയായി കണക്കാക്കുന്നത്. ഇവിടെ ഇരുസേനകളും നിലയുറപ്പിച്ചിട്ടുണ്ട്. ഫിംഗര്‍ 8ലേക്ക് ഇന്ത്യന്‍ സേന കടക്കാതിരിക്കാനുള്ള ശ്രമങ്ങളും ചൈനീസ് സേന നടത്തുന്നുണ്ട്. പുതിയ ഉപാധികള്‍ മേഖലയില്‍ പിടിമുറുക്കാനുള്ള ചൈനയുടെ നീക്കമായിട്ടാണ് ഇന്ത്യ വിലയിരുത്തുന്നത്.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ഇന്ത്യയുടെ ഉന്നത സേന കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയില്‍ നിന്നും ലഫ്.ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം പ്രശ്‌ന പരിഹാരത്തിന്റെ മറവില്‍ ചൈന കൂടുതല്‍ കടന്നു കയറിയേക്കാമെന്ന സൂചനയെ തുടര്‍ന്ന് ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ് മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മുന്‍പ് ഗല്‍വാനിലും ഇരുസേനകളും പിന്നോട്ട് മാറാന്‍ ധാരണ ഉണ്ടായിരുന്നെങ്കിലും ചൈനീസ് സേന ധാരണ ലംഘിച്ച്‌ മേഖലയില്‍ തുടര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യന്‍ സേന പാംഗോങില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

prp

Leave a Reply

*