
ശ്രീനഗര്‍: ആള്‍ ഇന്ത്യ ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് രാജി വച്ച് മുതിര്‍ന്ന വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി. കാശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്‍റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന ഗീലാനി കഴിഞ്ഞ 27 വര്‍ഷമായി ഹുറിയത്ത് കോണ്‍ഫറന്‍സിന്‍റെ ഭാഗമാണ്. 2003ല്‍ അദ്ദേഹത്തെ ആജീവാനാന്ത ചെയര്‍മാനായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള രാജിക്കുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
‘നിലവിലെ സാഹചര്യങ്ങളാണ്’ അദ്ദേഹത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഹുറിയത്ത് കോണ്‍ഫറസിന്‍റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് ഈ ഫോറത്തില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ്.. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിശദമായ കത്ത് കോണ്‍ഫറന്‍സിലെ ഘടകങ്ങള്‍ക്ക് അയച്ചിട്ടുണ്ട്’ എന്നായിരുന്നു 90കാരനായ ഗീലാനി ശബ്ദ സന്ദേശത്തില്‍ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഗീലാനി കുറച്ചു മാസങ്ങളായി ചികിത്സയിലാണ്.
കാശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷം ഇവിടുത്തെ വിഘടനവാദ രാഷ്ട്രീയത്തിലുണ്ടായ ഒരു സുപ്രധാനമായ നീക്കമായാണ് ഗീലാനിയുടെ രാജി വിലയിരുത്തപ്പെടുന്നത്.
