പരീക്ഷണങ്ങള്‍ പാളി, ന്യൂസിലന്‍ഡിനെതിരെ മിന്നും തുടക്കം നേടിയും കൂറ്റന്‍ സ്കോര്‍ നേടാനാവാതെ ഇന്ത്യ

റണ്‍സൊഴുകുമെന്ന് പ്രവചിക്കപെട്ടിരുന്ന ന്യൂസിലന്‍ഡിനെതിരായുള്ള മൂന്നാം ടി20യില്‍ മികച്ച തുടക്കം മുതലെടുക്കാനാവാതെ ടീം ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും നിശ്ചിത 20 ഓവറില്‍5 വിക്കറ്റിന് 179 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്. അര്‍ധ സെഞ്ച്വറിയോടെ രോഹിത് നല്‍കിയ മികച്ച തുടക്കം മുതലെടുക്കാനാവാത്തതാണ് ഇന്ത്യക്ക് വിനയായത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയെങ്കിലും ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. 9 ഓവറില്‍ 89 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ ഓപ്പണിങ് ജോഡി പിരിഞ്ഞത്. രാഹുല്‍ 27 റണ്‍സെടുത്ത് പുറത്തായി. വൈകാതെ തന്നെ ഒരറ്റത്ത് വെടിക്കെട്ടഴിച്ചുവിട്ടിരുന്ന രോഹിത് ശര്‍മ്മ 40 പന്തില്‍ 65 റണ്‍സെടുത്ത് പുറത്തായി. ആറ് ഫോറുകളും 3 സിക്സറുകളുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
തുടര്‍ന്ന് വിരാട് കോലിയെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ശിവം ദുബെയെ വെച്ചൊരു പരീക്ഷണത്തിനാണ് ഇന്ത്യന്‍ ടീം തയ്യാറായത്, ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനക്കാരനായി ശിവം ദുബെ എത്തിയെങ്കിലും 7 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ 89-1ല്‍ നിന്നും 86-3 എന്ന നിലയിലേക്കെത്തി. കോലിയും ശ്രേയസ് അയ്യരും കൂടി റണ്‍സുയര്‍ത്തിയെങ്കിലും മുന്‍ മത്സരങ്ങളിലേത് പോലെ അയ്യര്‍ക്ക് തിളങ്ങാനായില്ല. 16 പന്തില്‍ നിന്ന് 17 റണ്‍സോടെയാണ് അയ്യര്‍ പുറത്തായത്. ക്യാപ്‌റ്റന്‍ കോലിയും 38 റണ്‍സ് നേറ്റി പുറത്തായി. അവസാന ഓവറില്‍ മനീഷ് പാണ്ഡെയും രവീന്ദ്ര ജഡേജയും നേടിയ 18 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ 180ന് അടുത്തെങ്കിലും എത്തിച്ചത്.കിവികള്‍ക്ക് വേണ്ടി ഹാമിഷ് ബെന്നറ്റ് 3 വിക്കറ്റുകള്‍ വീഴ്ത്തി.
