ഞങ്ങളും പാടും ഈ തെരുവില്‍; മിഠായിത്തെരുവില്‍ ഇന്നുയരുക പ്രതിഷേധത്തിന്‍റെ സംഗീതം

കോഴിക്കോട്: എന്നും കലയേയും കലാകാരന്‍മാരേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടിന്‍റെ മിഠായിത്തെരുവില്‍ ഇന്ന് ഉയരുക പ്രതിഷേധത്തിന്‍റെ സംഗീതമായിരിക്കും. ‘ഞങ്ങളും പാടും ഈ തെരുവില്‍’ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധം തെരുവുഗായകന്‍ ബാബുവിനെ തെരുവില്‍ പാടാനനുവദിക്കാത്ത പോലീസ് തീരുമാനത്തിനെതിരെയാണ്.

മുഹമ്മദ് റാഫിയുടേയും കിഷോര്‍ കുമാറിന്‍റെയും പാട്ടുകളുമായി ബാബുവും ഭാര്യ ലതയും കോഴിക്കോടിന്‍റെ തെരുവുകള്‍ കീഴക്കിത്തുടങ്ങിയിട്ട് വര്‍ഷം 35 കഴിയുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി തെരുവില്‍ പാടാന്‍ പോലീസ് അനുവദിക്കുന്നില്ല. ഇത് പറയാന്‍ ബാബു കളക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാട്ടാണ് തന്‍റെ ജീവിതമെന്നും പാട്ടല്ലാതെ മറ്റൊന്നും അറിയില്ലെന്നും പറയുകയാണ് ബാബു.

വാര്‍ദ്ധക്യത്തിന്‍റെ ഒരു അവശതയും ഇല്ലാതെ അവര്‍ പാടുമ്പോള്‍ സ്വയം മറന്ന് നിന്നിട്ടുള്ളവരാണ് കോഴിക്കോട്ടുകാര്‍. അനേകം മനുഷ്യരുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും അത്ഭുതം പകര്‍ന്നതാണോ അവര്‍ ചെയ്ത തെറ്റ് എന്ന് ചോദിക്കുകയാണ് അവര്‍.

പാട്ടുപാടാനും കഥപറയാനും അല്ലെങ്കില്‍ കോഴിക്കോട് എന്തിനാണ് ഇത്തരത്തില്‍ ഒരിടം, പാട്ടും നാടകങ്ങളും സംവാദങ്ങളുമില്ലെങ്കില്‍ പിന്നെങ്ങനെയാണ് അത് സാംസ്‌കാരിക തെരുവാകുക, ചോദ്യങ്ങള്‍ ഒത്തിരിയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് മിഠായിത്തെരുവില്‍ നടത്തുന്ന പ്രതിഷേധം.

prp

Related posts

Leave a Reply

*