ഇന്ത്യയില്‍ പ്ലാസ്റ്റിക്ക് കൊണ്ട് റോഡുകള്‍??? തമാശ പറയുന്നതായേ ആദ്യം കേള്‍ക്കുന്ന ആര്‍ക്കും തോന്നുകയുള്ളൂ. എന്നാല്‍ ഇത് സത്യമാണ്, പ്ലാസ്റ്റിക്ക് കൊണ്ട് റോഡുകള്‍ നിര്‍മ്മിക്കുവാനും കഴിയുമെന്ന് വിജയകരമായി തെളിയിച്ചിരിക്കുകയാണ് മധുരൈ ത്യാഗരാജര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ കെമിസ്ട്രി പ്രൊഫസറായ രാജഗോപാലന്‍ വാസുദേവന്‍. ഇതിനാല്‍ തന്നെ ഇന്ത്യയുടെ “പ്ലാസ്റ്റിക് മാന്‍” എന്ന പേരിലാണ് ഇദ്ദേഹത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
മനുഷ്യന് നിത്യേന ഉപയോഗിക്കുന്ന സഞ്ചികള്‍, കുപ്പികള്‍, കപ്പ്, തുടങ്ങി പലവിധ സാധനങ്ങളിലും ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചവയാണ്. കൂടാതെ നിര്‍മ്മാണത്തിലെ എളുപ്പവും, ദീര്‍ഘനാള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു എന്നതും, മണമില്ലാത്ത, വേഗത്തില്‍ പൊട്ടിപോവാത്ത, കെമിക്കല്‍ റെസിസ്റ്റന്റുമായ ഇതിനെ മനുഷ്യന് തീര്‍ത്തും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്.

എന്നാല്‍ മറ്റ് വസ്തുക്കളെ പോലെ പ്ലാസ്റ്റിക്ക് അത്ര വേഗത്തില്‍ വിഘടിക്കുന്ന ഒന്നല്ല, മണ്ണില്‍ അലിഞ്ഞു ചേരാത്ത വസ്തു. ഇതിന്റെ ഏറ്റവും വലിയ കുറവും ഇതുതന്നെയാണ്.
നഗരങ്ങളിലും ഗ്രാമങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നു കൂടി കിടക്കുന്നത് നാം കാണാറുണ്ട്. ഭൂഗര്‍ഭ ജലസ്രോതസ്സിനെയും മണ്ണിനെയും മറ്റും മലിനമാക്കുന്നതിനോടൊപ്പം ഇത് കാരണം ഓടകളില്‍ വെള്ളം കെട്ടി നില്ക്കുവാനും, പ്രളയം ഉണ്ടാകുവാനും ഇടയാക്കുന്നു. മാത്രമല്ല പ്ലാസ്റ്റിക് കഴിച്ച് പലയിടത്തും പക്ഷി മൃഗാതികള് വരെ ചത്തൊടുങ്ങുന്നു. പാടങ്ങളില്‍ വിളകള്‍ വളരുന്നതിനും, മണ്ണിലേയ്ക്ക് മഴവെള്ളം വലിച്ചെടുക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്താല്‍ തടസ്സം ഉണ്ടാകുന്നു.
പ്ലാസ്റ്റിക്ക് ആകെ മൂന്നോ- നാലോ തവണ മാത്രമേ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ, അതുപോലെ പ്ലാസ്റ്റിക്കിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഉരുക്കുന്ന സമയം പുറംതള്ളുന്ന വിഷപുക അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയാണ് പ്രൊഫ. വാസുദേവന്റെ ഈ കണ്ടുപിടുത്തം.
പ്ലാസ്റ്റിക് കാരണം പ്രകൃതിയില്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ വിവരിച്ചുള്ള ഒരു ടി.വി പ്രോഗ്രാമാണ് ഈ കണ്ടുപിടുത്തത്തിലേയ്ക്ക് പ്രൊഫ. വാസുദേവനെ നയിച്ചത്. ചൂടാക്കിയ ബിറ്റുമെന്‍ ദ്രാവകത്തിനോടൊപ്പം പ്ലാസ്റ്റിക്ക് (ഉപേക്ഷിച്ച ഏതുതരം പ്ലാസ്റ്റിക്കും ഇതിനായി ഉപയോഗിക്കാം) ചേര്‍ത്ത് കല്ലിനു മീതെ പുരട്ടിയാണ് ആദ്യത്തെ പരീക്ഷണം. ഇത് വിജയം കണ്ടപ്പോള്‍ 2002ല്‍ പ്രൊഫസര്‍ കണ്ടുപിടിച്ച മിശ്രിതമുപയോഗിച്ച് ആദ്യമായി പഠിപ്പിക്കുന്ന കോളേജിനു ചുറ്റുമുള്ള റോഡ് പണിതു. ഇ
ന്ന് വരെ ആ റോഡ് ഒരു കേടുപാടും കൂടാതെ പരിസ്ഥിതി സൗഹാര്‍ദ്ദ (Eco- friendly) റോഡായി നിലനില്ക്കുന്നു. 2006ല്‍ ഈ വ്യത്യസ്ഥമായ ടെക്നോളജിക്ക് ത്യാഗരാജര്‍ കോളേജ് ഓഫ് എഞ്ചിനീറിംഗ് പേറ്റന്റ് നേടുകയും ചെയ്തു. ഈ കാരണങ്ങള്‍ തന്നെയാണ് പ്രൊഫ. വാസുദേവന്റെ കണ്ടുപിടുത്തത്തെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുവാന്‍ കാരണമായതും.
ഇതു കാലാവസ്ഥയെയും അതിജീവിക്കുവാനും ഈ റോഡിനു സാധിക്കുമെന്നും പ്രൊഫ. വാസുദേവന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല, 2012ല്‍ പ്ലാസ്റ്റിക്ക് റോഡ് പോലെ സമാനമായ “പ്ലാസ്ടോന്”, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കല്ലുകള്‍, പ്രൊഫ. വാസുദേവന്‍ വികസിപ്പിച്ചിട്ടുണ്ട്. ഈര്‍പ്പം തട്ടാത്ത രീതിയില്‍ രൂപപ്പെടുത്തിയിട്ടുള്ള ഈ കല്ലുകള്‍ ഫ്ലോറിങ്ങിനും മറ്റും വളരെ അനുയോജ്യമാണ്, പ്രത്യേകിച്ചും പുറമെയുള്ള ഫ്ലോറിങ്ങിന്.
ഈ പുത്തന്‍ പ്രകൃതി സൗഹാര്‍ദ മാര്‍ഗം കാരണം രാജ്യത്ത് പ്ലാസ്റ്റിക്ക് സംസ്കരിക്കുന്നതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരമായി കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിമുതല്‍ റോഡ് നിര്‍മ്മാണത്തിനായി എല്ലാ റോഡ് നിര്‍മ്മാതാക്കളും പ്ലാസ്റ്റിക്കും കര്‍ശനമായി ഉപയോഗിച്ചിരിക്കണമെന്ന നിയമം നിലവില്‍ കൊണ്ടുവരികയുണ്ടായി.
“സ്വച്ച് ഭാരത്” എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കുവാന്‍ ഈ ടെക്നോളജി ഏറെ ഉപയോഗപ്പെടും എന്നാണ് പ്രൊഫ. വാസുദേവന്‍ വിശ്വസിക്കുന്നത്. ഇദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തത്തിന് യൂറോപ്പ്, അമേരിക്ക എന്നിങ്ങനെയുള്ള വികസിത രാജ്യങ്ങളില്‍ പോലും വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

