ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഓരോ താരങ്ങളെയും സ്നേഹിച്ചത് പോലെ ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താന് സ്റ്റീവ് കൊപ്പലിനെയും ഞങ്ങളുടെ സ്വന്തം ആശാന് എന്ന് തന്നെ വിശേഷിപ്പിച്ചാണ് ആരാധകര്‍ ഏറ്റെടുത്തത്. സീസണിന്റെ തുടക്കത്തില്‍ പതറിപോയ ബ്ലാസ്റ്റേഴ്സിനെ വീണ്ടെടുത്ത് ഫൈനല്‍ വരെ എത്തിച്ചതിന്റെ മികവ് സ്റ്റീവ് കൊപ്പലിന്റെ തന്ത്രങ്ങളാണ്. ശാന്തമായി നിന്ന് കളി കാണുകയും പുതിയ ആസൂത്രണങ്ങള്‍ മെ നഞ്ഞെടുക്കുകയും ചെയ്ത സ്റ്റീവ് കൊപ്പല്‍ മലയാളികളുടെ ആശാനായി മാറി.
ഐഎസ്എൽ ഫൈനലിന്റെ തയ്യാറെടുപ്പുകൾ പാളിപ്പോയെന്ന് സ്റ്റീവ് കൊപ്പല്‍ പറഞ്ഞു. രണ്ടാം സെമിക്കുശേഷം കൊച്ചിയിലെത്താൻ വിമാനടിക്കറ്റിനായി ഒരു ദിവസം കാത്തിരിക്കേണ്ടിവന്നത് ടീമിന്റെ ഫൈനല്‍ പ്രകടനത്തെ ബാധിച്ചുവെന്നും, വിശ്രമിക്കാൻ പോലും കാര്യമായ അവസരം കിട്ടാതെ ഫൈനലിന് ഇറങ്ങേണ്ടി വന്നതും, ഹോസു പ്രീറ്റോന് ഫൈനല്‍ കളിക്കാന്‍ സാധ്യമാകാഞ്ഞതും, ആരോൺ ഹ്യൂസിന് പരുക്കുമൂലം പുറത്തിരിക്കേണ്ടി വന്നതുമെല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിലെ ആരാധകര്‍ ടീമിന് സമ്മാനിച്ചത് വല്ലാത്തൊരു അനുഭവം തന്നെയാണ്. അവര്‍ക്ക് വേണ്ടി കിരീടം നേടാന്‍ സാധിക്കാത്തതില്‍ വളരെ ദുഖമുണ്ടെന്നും അദ്ദേഹം തോൽവിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്രയധികം ആരാധകരുള്ള കേരളത്തിൽ നിന്ന് മികച്ച കളിക്കാരെ വാർത്തെടുക്കാൻ കൂടുതൽ ശ്രമങ്ങളുണ്ടാകണമെന്നും സ്റ്റീവ് കൊപ്പല്‍ അഭിപ്രായപ്പെട്ടു. ഇനി ആദ്യം വീട്ടിൽ പോയി പ്രായമായ അമ്മയെ കാണുന്നതിനാണ് മുൻഗണന. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകുമോ എന്നതിനെ കുറിച്ചൊന്നും ഈ തോല്‍വിയുടെ നിരാശയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്നും, പിന്നീട് ടീമിന്റെ ഉടമകളുമായി സംസാരിച്ച് അവരുടെ പദ്ധതിയെന്ത് എന്നറിഞ്ഞ ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സ്റ്റീവ് കൊപ്പല്‍ പറഞ്ഞു. ടീമിന് ഉറച്ച പിന്തുണ നൽകുന്ന ആരാധകർക്ക് അവർ അർഹിക്കുന്നത് മടക്കി നൽകാനുള്ള ബാധ്യത ടീം മാനേജ്മെന്റിനുണ്ട്. ആയതിനാല്‍ തന്നെയും നല്ല രീതിയില്‍ തന്നെ ടീം മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
