മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഇന്ന് ഒരിടത്തും തീവ്രമഴയില്ല, തുലാവര്‍ഷം അടുത്തയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഒരു ജില്ലയിലും തീവ്രമഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. നാളെ പത്തനംതിട്ട, കാേട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. തീവ്ര മഴ പ്രളയത്തിന് കാരണമായേക്കുമെന്ന് ഭയന്ന് ശക്തമായ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ഇടുക്കി ഡാമിലേതുള്‍പ്പടെ നിരവധി ഡാമുകളില്‍നിന്ന് വെള്ളം നിയന്ത്രിത അളവില്‍ തുറന്നുവിട്ടിരുന്നു. അതിതീവ്രമഴയെ തുടര്‍ന്നുണ്ടാവുന്ന കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കരസേനയെ കോട്ടയത്ത് വിന്യസിച്ചു.ഇതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്ടറുകളും തയ്യാറാക്കി നിറുത്തിരുന്നു. ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കാനുളള നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതിനിടെ, തുലാവര്‍ഷം അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നല്‍കി. തുലാവര്‍ഷം ഇത്തവണ ശക്തമാകുമെന്നാണ് കരുതുന്നത്.

prp

Leave a Reply

*