ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവും ദേവ്ദത്തും ടീമില്‍, ധവാന്‍ നായകന്‍

ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്. ഓപ്പണര്‍ ശിഖാര്‍ ധവാനെയാണ് ഈ പര്യടനത്തില്‍ ടീമിന്റെ നായകനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യക്ക് ലങ്കയില്‍ വെച്ച്‌ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട് മൂന്ന് ഏകദിനങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിറുത്തിയാണ് ബി സി സി ഐ ശ്രീലങ്കയ്ക്കെതിരെ പരിമിത ഓവര്‍ പരമ്ബര സംഘടിപ്പിച്ചത്. ലോകകപ്പിന് മുന്നായി ഇന്ത്യക്ക് അധികം വൈറ്റ് ബോള്‍ മത്സരങ്ങള്‍ ഷെഡ്യൂളില്‍ ഇല്ലായിരുന്നു. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ലോകടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ്. ജൂണ്‍ 18നാണ് ഫൈനല്‍. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്ബരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ആയതിനാല്‍ ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ടിലായിരിക്കും. അങ്ങനെ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ശ്രീലങ്കന്‍ പര്യടനത്തിനയക്കാന്‍ ബി സി സി ഐ തീരുമാനിച്ചത്. സമീപകാലങ്ങളിലെ ആഭ്യന്തര ക്രിക്കറ്റിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനങ്ങളാണ് യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നേടിക്കൊടുത്തത്. ഇത്തവണ പാതി വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ മൂന്ന് സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ പിറന്നിരുന്നു. ഇതില്‍ ഒന്ന് വീതം പോക്കറ്റിലാക്കിയത് മലയാളി താരങ്ങളായ സഞ്ജുവും പടിക്കലും ആയിരുന്നു. ഇവരെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണറായ റുതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രൂനാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യ ടീം സ്‌ക്വാഡ്

ശിഖാര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹാല്‍, രാഹുല്‍ ചഹര്‍, കെ.ഗൗതം, കൃണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സഖറിയ

നെറ്റ് ബോളേഴ്‌സ്

ഇഷാന്‍ പോറെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്ദീപ് സിങ്, സായി കിഷോര്‍, സിമാര്‍ജീത് സിങ്

prp

Leave a Reply

*