ആര്‍എസ്‌എസിന് ഭീഷണി എസ്ഡിപിഐ മാത്രം; എല്‍ഡിഎഫും യുഡിഎഫും പരാജയം: തസ്‌ലീം റഹ്മാനി

മഞ്ചേരി: ദേശീയ രാഷ്ട്രീയത്തില്‍ ആര്‍എസ്‌എസ് അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് ഭീഷണിയായി കാണുന്നത് എസ്ഡിപിഐയെ മാത്രമാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലീം റഹ്മാനി പറഞ്ഞു. മഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ നിഗൂഢ അജണ്ടകള്‍ക്കെതിരേ ശക്തമായ പ്രതിഷേധവും ബോധവല്‍ക്കരണവും നടത്തുന്നത് ഈ പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിനേക്കാളും ഇടത് പക്ഷ കക്ഷികളെക്കാളും ആര്‍എസ്‌എസും ബിജെപിയും ശത്രുപക്ഷത്ത് നിര്‍ത്തുന്നത് എസ്ഡിപിഐയെയാണ്. അതുകൊണ്ടാണ് പോലിസിനെയും കോടിതിയെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറുമായി ഒരു ഒത്തുതീര്‍പ്പുമില്ല എന്നതാണ് എസ്ഡിപിഐയുടെ പ്രതേകത. അത് മനസിലാക്കിയത് കൊണ്ടാണ് അവര്‍ ഞങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്. അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യുഡിഎഫും എല്‍ഡിഫും എല്ലാ കാര്യത്തിലും പരാജയമാണ്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കില്ല. മുന്നണി ഭരണത്തില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ കഴിയുന്നത് അതിന് തെളിവാണ്. കോണ്‍ഗ്രസും യുഡിഎഫും എല്ലാ കാലത്തും മൃദു ഹിന്ദുത്വമാണ് പിന്തുടര്‍ന്നിരുന്നത്. ഇടതുപക്ഷമാവട്ടെ കേസില്‍ നിന്നും രക്ഷപെടാന്‍ അവരുമായി സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശനങ്ങളില്‍ പോലും ഇരുമുന്നണികളും ശക്തമായ നിലപാട് എടുക്കുന്നില്ല. കോണ്‍ഗ്രസ്സിലെയും ഇടത് പക്ഷത്തേയും നേതാക്കളെ തിരഞ്ഞെടുപ്പിന് ശേഷം വിലക്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ട് പോകുന്നത്. തസ്‌ലീം റഹ്മാനി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹീം, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ലത്തീഫ് വല്ലാഞ്ചിറ , സെക്രട്ടറി സി അക്ബര്‍ , ലത്തീഫ് എടക്കര എന്നിവര്‍ പങ്കെടുത്തു.

prp

Leave a Reply

*