പുനര്‍ഗേഹം പദ്ധതി: 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോല്‍ നല്‍കലും 16ന്

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതിയില്‍ 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോല്‍ നല്‍കലും 16ന് വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ജില്ലയിലെ കാരോട്, ബീമാപള്ളി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് കെട്ടിട സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം 72, കൊല്ലം 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂര്‍ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂര്‍ 18 വീടുകളാണ് ഗൃഹപ്രവേശനത്തിന് തയ്യാറായത്. പുനര്‍ഗേഹം പദ്ധതിയില്‍ 339 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിവിധ തീരദേശ ജില്ലകളിലായി 898 ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ മണ്ണുംപുറം, മലപ്പുറം പൊന്നാനി, നിറമരുതൂര്‍, കോഴിക്കോട് വെസ്റ്റ്ഹില്‍, കാസര്‍കോട് കോയിപ്പടി എന്നിവിടങ്ങളില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നു. കൊല്ലം ക്യു എസ് എസ് കോളനിയില്‍ 102 ഫ്‌ളാറ്റുകളുടെ സ്ട്രക്ചര്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ 36 ഫ്‌ളാറ്റുകളുടെ നിര്‍മാണം കഴിഞ്ഞു. മറ്റിടങ്ങളിലും ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കാരോട് 128 ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് 12.8 കോടിയും ബീമാപള്ളിയില്‍ 20 ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് 2.4 കോടിയും പൊന്നാനിയില്‍ 128 ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് 13.7 കോടി രൂപയും ചെലവഴിച്ചു. തീരമേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കകത്ത് താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിക്കായി 2450 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കാരോട് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ബീമാപള്ളിയിലെ ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. അഞ്ചുതെങ്ങിലെ ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍, ചവറയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, അമ്ബലപ്പുഴയില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍, വൈപ്പിനില്‍ വ്യവസായ മന്ത്രി പി. രാജീവ്, കയ്പമംഗലത്ത് റവന്യു മന്ത്രി കെ. രാജന്‍, കോഴിക്കോട് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. എം. പിമാര്‍, എം. എല്‍. എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

prp

Leave a Reply

*