നിയമസഭ തെരെഞ്ഞെടുപ്പ്; സീറ്റുകള്‍ എല്‍ഡിഎഫ് നേതൃത്വത്തെ ഏല്‍പിച്ച്‌ പാലായില്‍ പ്രചാരണം തുടങ്ങി ജോസ് കെ മാണി

പാലാ: ( 08.03.2021) എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് (എം) സീറ്റുകള്‍ എല്‍ഡിഎഫ് നേതൃത്വത്തെ ഏല്പിച്ച്‌ ജോസ് കെ മാണി പാലായില്‍ പ്രചാരണത്തിലിറങ്ങി. പാലായിലെ ഒന്നും രണ്ടും ഘട്ട പ്രാഥമിക പ്രചാരണവും പൂര്‍ത്തിയാക്കി അണിയറ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ജോസ് കെ മാണി.
കേരള കോണ്‍ഗ്രസ് (എം) മത്സരിക്കേണ്ട സീറ്റുകള്‍ എല്‍ഡിഎഫിന്റെ നേതൃത്വ സ്ഥാനത്തുള്ളവരെ ഏല്പിച്ചിട്ടുണ്ടെന്നും അവര്‍ അത് നീതിപൂര്‍വം തന്നെ കൈകാര്യം ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു .

കോട്ടയത്തും പാലായിലുമായി എല്‍ഡിഎഫ് വിജയം ഉറപ്പാക്കാനുള്ള നേട്ടോട്ടത്തിലും കൂടിയാണ് ജോസ്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് ഭാഗമായാലും വോട് പങ്കിടല്‍ നടക്കില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തെറ്റിച്ചു കൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ എല്‍ ഡി എഫ് തൂത്തുവാരിമിന്നുന്ന വിജയം സമ്മാനിച്ചതോടെ ജോസിനെ കൂടെ കൂട്ടിയതില്‍ ലാഭത്തിന്റെ കണക്കു മാത്രമെ എല്‍ഡിഎഫിന് പറയാന്‍ ഉള്ളു. 20 വര്‍ഷമായി സിപിഎം തുടര്‍ചയായി വിജയിച്ചു കൊണ്ടിരുന്ന സിററിംഗ് സീറ്റുകള്‍ ഒരു തടസവാദവുമില്ലാതെയാണ് സിപിഎം വിട്ടു നല്‍കി ഒപ്പമുണ്ട് എന്ന് തെളിയിച്ചിരിക്കുന്നത്.

ഇത് എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് അണികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും അടുപ്പവും ഉണ്ടാക്കിക്കഴിഞ്ഞു. യാതൊരു പ്രശ്‌നവുമില്ലാതെ ആഗ്രഹിച്ചതെല്ലാം തന്നെ കിട്ടുകയും ചെയ്തിരിക്കുന്നു.
രണ്ട് തവണ തുടര്‍ചയായി മികച്ച ഭൂരിപക്ഷത്തില്‍ പാലാ ഉള്‍പ്പെടുന്ന കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിച്ച തിളക്കം നില നിര്‍ത്തി തന്നെയാണ് നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണം

കേരള കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ എല്‍ഡിഎഫ് വിജയത്തിനായി സംസ്ഥാനം മുഴുവന്‍ പോകേണ്ടതിനാല്‍ പാലായിലെ താഴെ തട്ട് പ്രവര്‍ത്തനം പ്രാദേശിക നേതൃത്വത്തെയും ജനപ്രതിനിധികളെയും ചുമതലപ്പെടുത്തിയിരിക്കുകയാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം.

ജോസ് കെ മാണിയെ പാലായില്‍ മാത്രമായി നിര്‍ത്താനാവില്ലായെന്ന് എല്‍ഡിഎഫ് നേതൃത്വം പാലായിലെ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനായി എങ്ങനെ പ്രവര്‍ത്തിച്ചോ അതിലും ശക്തിയായി ഇത്തവണ രംഗത്തുവരണമെന്നാണ് താഴെ തട്ടിലേക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലായില്‍ ലഭിച്ച 10,000-ല്‍ പരം വോടിന്റെ ലീഡ് 25000 എന്നാവണം. ഇതാണ് എല്‍ഡിഎഫ് ടാര്‍ജററ്. ഈ ടാര്‍ജറ്റ് സിപിഎം നേതാവ് ലാലിച്ചന്‍ ജോര്‍ജ് അണികളെ അറിയിക്കുകയും ചെയ്തു.

തുടര്‍ ഭരണം എന്ന ലക്ഷ്യം നേടാനുറച്ചുള്ള പോരാട്ടത്തില്‍ പഴുതടച്ചുള്ള പ്രചാരണമാണ് പാലായിലെ ലക്ഷ്യം. രാവിലെ പത്ത് മണി വരെ പാലായില്‍ വീട്ടില്‍ പാര്‍ടി സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായുള്ള ചര്‍ചകളിലാണ് ജോസ് കെ മാണി. ഇതോടൊപ്പം മറ്റ് മണ്ഡലങ്ങളിലെ വോടുകള്‍ എല്‍ഡിഎഫിന് ഉറപ്പാക്കുന്നതിനായുള്ള ചര്‍ചകളും നടക്കുന്നു.

എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി എത്തുന്ന മറ്റ് പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും സ്വീകരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. പാലായില്‍ എല്‍ഡിഎഫ് രണ്ട് ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി.

ആദ്യഘട്ടമായി ജനകീയം വികസന സന്ദേശ പദയാത്രയും രണ്ടാം ഘട്ടമായി എല്‍ഡിഎഫ് പഞ്ചായത്ത് തല നേതൃയോഗങ്ങളുമാണ് പൂര്‍ത്തിയാക്കിയത്. മൂന്നാം ഘട്ട കുടുംബയോഗങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. മുഴുവന്‍ യോഗങ്ങളിലും ഘടക കക്ഷി ശില്പശാലകളിലും നേതൃതല യോഗങ്ങളിലും ജോസ് കെ മാണി നേരിട്ട് പങ്കെടുക്കുകയും ചെയ്തു.

prp

Leave a Reply

*