‘മോദിയെ വ്യക്തിപരമായി കടന്നാക്രമിക്കരുത്’;ഗുജറാത്ത് പിടിക്കാന്‍ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്

അഹമ്മദാബാദ്; അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പ് പ്രചരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച്‌ തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസിന്റെ ടാസ്ക് ഫോഴ്സ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസും മോദിയും നേര്‍ക്കുനേര്‍ എന്ന് തോന്നിപ്പിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് പ്രചരണമെന്ന നിര്‍ദ്ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്.

ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയില്‍ ആരാധകര്‍ | *CricketBy Rakhi
നിര്‍ണായകമായ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ സാധിച്ചാല്‍ അത് ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഊര്‍ജം നല്‍കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ മെനയുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സും നേതൃത്വം രൂപീകരിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്നത്. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, പി ചിദംബരം, രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, ജയ്‌റാം രമേശ്, മുകുള്‍ വാസ്‌നിക്, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു എന്നീ മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.ഗുജറാത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.ഏകദേശം നാല് മണിക്കൂറോളം യോഗം നീണ്ടു നിന്നു.

പ്രധാനമന്ത്രിക്കെതിരെ നേരിട്ടുള്ള ആക്രമണം വേണ്ട

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ്-മോദി യുദ്ധം എന്ന നിലയിലാകരുത് പ്രചരണം മറിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് പ്രചരണം നടത്തേണ്ടതെന്നാണ് യോഗത്തില്‍ നിര്‍ദ്ദേശം ഉണ്ടായത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിയെ ‘ചായക്കടക്കാരന്‍’ എന്നും 2017 തെരഞ്ഞെടുപ്പില്‍ ‘നീചനായ മനുഷ്യന്‍’ എന്നും മണി ശങ്കര്‍ അയ്യര്‍ വിളിച്ചതും ‘മരണത്തിന്റെ വ്യാപാരി’ എന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ചതും കോണ്‍ഗ്രസിന് തിരിച്ചടി ആയെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ബിജെപി വലിയ ആയുധമാക്കിയെന്നും യോഗം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍

ഗുജറാത്ത് സര്‍ക്കാരിന്റെ പരാജയങ്ങള്‍, ദലിത് വിഭാഗങ്ങളുടേയും കര്‍ഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ എന്നീ വിഷയഘങ്ങളില്‍ ഊന്നിയാണ് പ്രചാരണം നയിക്കേണ്ടതെന്നും യോഗം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമം നടത്തുന്ന ആം ആദ്മി പാര്‍ട്ടിയെ ബി ജെ പിയുടെ ബി ടീമായി ഉയര്‍ത്തിക്കാട്ടണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ദില്ലിയിലെ അരവിന്ദജ് കെജരിവാള്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്നും യോഗം നിര്‍ദ്ദേശിച്ചു.നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും.

കനത്ത തിരിച്ചടി

അടുത്ത വര്‍ഷമാണ് ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.എന്നാല്‍ പിന്നീട് നിരവധി എംഎല്‍എമാര്‍ ബി ജെ പിയിലേക്ക് മറുകണ്ടം ചാടി. ശക്തരായ നേതാക്കളുടെ അഭാവത്തിലാണ് കോണ്‍ഗ്രസ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായിരുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം ഇല്ല. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ഹാര്‍ദിക് ബി ജെ പിക്കൊപ്പം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പോലും മികച്ച നേതാക്കള്‍ ഇല്ലെന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

prp

Leave a Reply

*