ഒ.ടി.ടികള്‍ തന്നെ ‘മാലിക് ‘

കൊച്ചി: കൊവിഡിന്റെ രണ്ടാംവ്യാപനത്തില്‍ മലയാള സിനിമാ വ്യവസായം വീണ്ടും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. മേയ് 13ന് തിയേറ്ററില്‍ പുറത്തിറക്കുമെന്ന് ഉറപ്പിച്ചിരുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം മാലിക് ഒ.ടി.ടി പ്രദര്‍ശനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. ഒ.ടി.ടി റിലീസിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് കഴിഞ്ഞ ദിവസം കത്ത് നല്‍കി. 30 കോടിയോളം മുടക്കി നിര്‍മ്മിച്ച മാലിക് ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം 22 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ആന്റോ തന്നെ നിര്‍മ്മാതാവായ,​ പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒ.ടി.ടിയിലാവും റിലീസ് ചെയ്യുക.

കൊവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്ബ് ചിത്രീകരണം പൂര്‍ത്തിയാക്കിയ രണ്ട് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മാലിക്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മാതാവായ,​ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം ആണ് ഇതിലാദ്യത്തേത്. 80 കോടി മുടക്കി പൂര്‍ത്തിയാക്കിയ ഈ ചിത്രവും മേയില്‍ റിലീസിന് ഒരുങ്ങിയതായിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ ചിത്രത്തിന്റെ റിലീസും ഒ.ടി.ടിയില്‍ ഒതുങ്ങുമോയെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഒരേസമയം നിരവധി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാണ് ബിഗ് ബ‌ഡ്‌ജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ലാഭമടക്കം തിരികെ പിടിക്കുന്നത്. മരയ്ക്കാറും മാലിക്കും ഇത്തരത്തില്‍ വിദേശ തീയേറ്ററുകളടക്കം ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രങ്ങളായിരുന്നു. ഒ.ടി.ടി റിലീസിലൂടെ മുടക്കുമുതല്‍ തിരികെ പിടിക്കാനാവില്ലെന്ന ചിന്തയിലാണ് വൈകിയാലും തിയേറ്റര്‍ റിലീസ് തന്നെ മതിയെന്ന് നിര്‍മ്മാതാക്കള്‍ കരുതിയിരുന്നത്.

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്ബ് 2020 മാര്‍ച്ച്‌ 10ന് കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം കാത്തിരുന്ന് 2021 ജനുവരി 13ന് ആണ് തിയേറ്ററുകള്‍ വീണ്ടും തുറന്നത്. എന്നാല്‍, രോഗഭീതിയില്‍ തിയേറ്ററുകളിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞിരുന്നു. പതിയെ മുഴുവന്‍ സീറ്റുകളിലും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുകയും സെക്കന്‍ഡ് ഷോ ആരംഭിക്കുകയും ചെയ്തതോടെ തിരികെ വരാനാകുമെന്ന പ്രതീക്ഷയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയാണ് രണ്ടാംവ്യാപനം രൂക്ഷമാവുകയും വീണ്ടും തീയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടുകയും സിനിമകളുടെ ചിത്രീകരണം നിറുത്തിവയ്ക്കുകയും ചെയ്തത്.

കൊവിഡില്‍ വന്നത്

അടിമുടി മാറ്റം

മലയാളിയുടെ സിനിമാക്കാഴ്ചാ ശീലങ്ങളെയാണ് കൊവിഡ് എന്ന ഇത്തിരിപ്പോന്ന വൈറസ് അടിമുടി ഉലച്ചുകളഞ്ഞത്. മലയാള സിനിമയ്ക്ക് സംഭവിച്ച മാറ്റങ്ങളിലാദ്യം ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത് നിന്നുവെന്നതാണ് . ഒരു ചെറിയ മലയാള സിനിമ ഒരുക്കാന്‍ മൂന്ന് കോടി രൂപയാണ് ബഡ്‌ജറ്റെങ്കില്‍ വിദേശങ്ങളിലെ തിയേറ്ററുകളെയടക്കം ലക്ഷ്യമിട്ട് 20 കോടിക്ക് മേല്‍ ബഡ്‌ജറ്റില്‍ ഒരുക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് ബിഗ് ബഡ്‌ജറ്റ് സിനിമകള്‍. താരത്തിന്റെ മൂല്യത്തിന് അനുസരിച്ച്‌, ഉപയോഗിക്കുന്ന സാങ്കേതികത്തികവ് കണക്കാക്കി ബിഗ് ബഡ്‌ജറ്റിന്റെ ‘വലിപ്പം’ പിന്നെയും കൂടും. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളൊന്നും കേരള ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. അതേസമയം, നിരവധി കുഞ്ഞന്‍ സിനിമകള്‍ ഇതിനോടകം ഒ.ടി.ടിയില്‍ റിലീസാവുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കുറഞ്ഞ മുതല്‍മുടക്കില്‍ ഏറ്റവും കുറവ് ആളുകളെ വച്ചാണ് ഒ.ടി.ടിയ്ക്ക് വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

2013ല്‍ തിയേറ്ററുകളെ ഹൗസ് ഫുള്ളാക്കിയ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യ’ത്തിന്റെ രണ്ടാംഭാഗമായ ദൃശ്യം -2 ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്തതില്‍ ഇതുവരെ മലയാള സിനിമയ്ക്ക് കിട്ടിയ കൂടിയ ഒ.ടി.ടി തുകയ്ക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയത്,​ 30 കോടി. ചിത്രം രാജ്യത്തിനകത്തും പുറത്തും മികച്ച അഭിപ്രായം നേടി. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി,​ ജിയോ ബേബിയുടെ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ഒക്കെ ഇത്തരത്തില്‍ പ്രേക്ഷക പ്രീതി നേടിയ ഒ.ടി.ടി ചിത്രങ്ങളാണ്. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങളും ഒ.ടി.ടിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒ.ടി.ടി സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ഒട്ടനവധി ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ കേരളത്തില്‍ നിന്നുതന്നെ വരുന്നുമുണ്ട്.

prp

Leave a Reply

*