മലപ്പുറത്തെ വ്യാപാരിയില്‍ നിന്ന് ഇഡി കണ്ടെടുത്ത സ്വര്‍ണത്തില്‍ സ്വപ്‌നയ്‌ക്കും പങ്ക് ? അന്വേഷണം ശക്തമാക്കാന്‍ നീക്കം; കൂടുതല്‍ കണ്ണികളെന്നും സൂചന

മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ 5.08 കിലോ സ്വര്‍ണം നയതന്ത്ര പാഴ്‌സല്‍ വഴി കടത്തിയ സ്വര്‍ണമാണോയെന്ന് അന്വേഷിക്കാന്‍ ഇഡി.

ഇത് കണ്ടെത്തിയാല്‍ എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായര്‍, എന്നിവര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്താണ് ഇത് സംബന്ധിച്ച്‌ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നയതന്ത്ര ചാനല്‍ മറയാക്കിയുള്ള സ്വര്‍ണക്കടത്തില്‍ കൂടുതല്‍ കണ്ണികളുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

അബൂബക്കര്‍ പാഴേടത്ത് അടുത്തിടെയും സ്വര്‍ണം കടത്തി എന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതിനായിരുന്നു അബൂബക്കര്‍ പാഴേടത്തിന്റെ മലപ്പുറത്തെ ജ്വല്ലറികളിലും, വീടുകളിലും ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറത്തും കോഴിക്കോടുമായി നടന്ന റെയ്ഡില്‍ ആറു കിലോയോളം സ്വര്‍ണമായിരുന്നു പിടികൂടിയത്.സ്വപ്ന സുരേഷും, എം ശിവശങ്കറും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ പങ്കാളിയാണ്.

നയതന്ത്ര ചാനല്‍ മറയാക്കി 9 കിലോ സ്വര്‍ണം ഇതുവരെ കടത്തിയെന്നും, ഇതില്‍ മൂന്ന് കിലോ സ്വര്‍ണം എത്തിയത് സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘത്തിന്റെ കൈകളിലൂടെയാണെന്നുമാണ് അബൂബക്കര്‍ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പിടികൂടിയ 30 കിലോ സ്വര്‍ണത്തില്‍ 3 കിലോ അബൂബക്കറിനായിരുന്നു. എന്നാല്‍ അബൂബക്കര്‍ പാഴേടത്ത് ഒരു കണ്ണി മാത്രമാണെന്നും, നയതന്ത്ര ചാനല്‍ മറയാക്കിയുള്ള സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുന്ന വമ്ബന്‍ സ്രാവുകള്‍ വേറെയും ഉണ്ടെന്നുമാണ് ഇഡിക്ക് ലഭിച്ച വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. അബൂബക്കറിനൊപ്പം സ്വര്‍ണം കടത്തിയതായി സംശയിക്കുന്ന കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. രഹസ്യ അറകളിലായിരുന്നു അബൂബക്കര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്ന കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച സംഘങ്ങള്‍ക്ക് ജ്വല്ലറി ബിസിനസ് ഒരു മറ മാത്രമാണെന്നാണ് വിവരം.

prp

Leave a Reply

*