കൊച്ചി കാന്‍സര്‍ സെന്ററിന് പുതുജീവന്‍

കൊച്ചി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. ഒരാഴ്ചയ്ക്കകം ടെണ്ടറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറയുന്നു. മാര്‍ച്ച്‌ ആദ്യവാരമാണ് കിഫ്ബിയും ഇന്‍കെലും ചേര്‍ന്ന് കാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനായി പുതിയ ഇ-ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍, പല കാരണങ്ങളാല്‍ ടെണ്ടര്‍ വിളിച്ചതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോകുകയായിരുന്നു. രാജസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തെയാണ് ടെണ്ടര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് കൊല്ലമാണ് ഇവര്‍ക്കുള്ള കരാര്‍.

കെട്ടിട നിര്‍മ്മാണം കൂടാതെ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് തുടങ്ങി വൈദ്യുതി മുതലുള്ള ചെറിയ അറ്റകുറ്റ പണികള്‍ തീര്‍ക്കേണ്ടതുണ്ട്. ഇതിനെല്ലാമായി 152.5കോടി രൂപയുടെ ജോലികളാണ് ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയത്. അതോടൊപ്പം എ.സി, മെഡിക്കല്‍ ഗാസ് ലൈന്‍, അഗ്‌നി സുരക്ഷാ മാര്‍ഗങ്ങള്‍, ലിഫ്റ്റ് തുടങ്ങിയവയും കരാറുകാര്‍ ചെയ്യണം. ഇതിനോടൊപ്പം ആശുപത്രി നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള ആര്‍ക്കിടെക്ടിനെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

നിര്‍മ്മാണം ആരംഭിച്ചിട്ട് ഏഴുവര്‍ഷമായെങ്കിലും നിലവില്‍ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സ്വകാര്യ കമ്ബനിയുടെ കരാര്‍ നിര്‍വഹണ ഏജന്‍സിയായ ഇന്‍കെലിന്റെ കരാര്‍ റദ്ദാക്കിയത്. 2019ല്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍മാണ ഫണ്ട് അനുവദിച്ച കിഫ്ബിയുടെ ടെക്‌നിക്കല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

prp

Leave a Reply

*