കേരളത്തിന്​ പ്രളയകാലത്ത്​ നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ട്​ കേന്ദ്രം

തിരുവനന്തപുരം : പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും കത്തില്‍ പറയുന്നു.

നേരത്തെ പ്രളയ സഹായം നല്‍കുന്നതില്‍ നിന്നും കേന്ദ്രം കേരളത്തെ ഒഴിവാക്കിയിരുന്നു. ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്. വെള്ളപൊക്ക ദുരിതാശ്വാസത്തിന് 2109 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചുള്ള നിവേദനമാണ് സംസ്ഥാനം സമര്‍പ്പിച്ചത്. നേരത്തെ ഇടക്കാല സഹായമായി 3,200 കോടി രൂപ നാല് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയപ്പോഴും കേരളത്തിന് സഹായം ലഭിച്ചില്ല. തുടര്‍ച്ചയായി എത്തിയ രണ്ടു പ്രളയങ്ങള്‍ക്കും മതിയായ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ലെന്ന കേരളത്തിന്‍റെ പരാതി നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടി.

courtsey content - news online
prp

Leave a Reply

*