ചെന്നിത്തല ഡല്‍ഹിക്ക് പോയപ്പോള്‍ സ്വന്തം പഞ്ചായത്തില്‍ യു ഡി എഫ് പിന്തുണയോടെ എല്‍ ഡി എഫിന് പ്രസിഡന്റ്; എ കെ ജി സെന്ററില്‍ നിന്ന് വിളി വന്നപ്പോള്‍ നടന്നത്…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ വീണ്ടും കോണ്‍ഗ്രസ് സി പി എം കൂട്ടുകെട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംഭവം വിവാദമാകുമെന്ന് കണ്ടതോടെ എല്‍ ഡി എഫ് സഖ്യത്തില്‍ നിന്ന് തലയൂരുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയ രമേശ് ചെന്നിത്തല അറിഞ്ഞുകൊണ്ടാണോ ഈ നീക്കമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നത്.

യു ഡി എഫ് പിന്തുണയോടെ ജയിച്ച എല്‍ ഡി എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ രാജിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ യു ഡി എഫ് പിന്തുണ വേണ്ടെന്ന് എല്‍ ഡി എഫ് നിലപാട് എടുത്തതാണ് രാജിയ്‌ക്ക് കാരണം. ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും കണ്ണുരുട്ടിയതോടെ രാജിവയ്‌ക്കാതെ വേറെ വഴിയില്ലാതാവുകയായിരുന്നു. വോട്ടെടുപ്പിലെ എല്‍ ഡി എഫ്-യു ഡി എഫ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച്‌ ബി ജെ പി പ്രതിഷേധിക്കുകയും ചെയ്‌തു.

എല്‍ ഡി എഫ് (6), ബി ജെ പി (6), (യു ഡി എഫ് 5) ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ല. മാത്രമല്ല പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണവുമാണ്. ഈ വിഭാഗത്തില്‍ നിന്ന് യു ഡി എഫിന് അംഗങ്ങളുമില്ല. പിന്നാലെ ബി ജെ പിയെ മാറ്റി നിര്‍ത്താന്‍ യു ഡി എഫ് എല്‍ ഡി എഫിനെ പിന്തുണച്ചതോടെയാണ് എല്‍ ഡി എഫ് അംഗം പ്രസിഡന്റ് ആയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിജയമ്മ ഫിലേന്ദ്രന്‍ ജയിക്കുന്നതും രാജിവയ്‌ക്കുന്നതും. ആദ്യം വിജയിച്ചപ്പോള്‍ രാജി വൈകിയത് പാര്‍ട്ടിക്കുളളില്‍ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. സംഭവം സംസ്ഥാന തലത്തില്‍ തന്നെ ബി ജെ പി പ്രചാരണവിഷയമാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

prp

Leave a Reply

*