അല്‍ റയാന്‍: ഖത്തറിലേക്ക് എത്തിയ സമയം പ്രായം ചൂണ്ടി മോഡ്രിച്ചിനെ നിങ്ങള്‍ എഴുതി തള്ളി.
എന്നാലിപ്പോള്‍ ഇതാ മോഡ്രിച്ച് ക്രൊയേഷ്യയെ സെമിയിലെത്തിച്ചിരിക്കുന്നു. 37ാം വയസില്‍ ഈ വിധം കളിക്കുന്നൊരു കളിക്കാരനെ നിങ്ങള്‍ക്കങ്ങനെ എപ്പോഴും കാണാനാവില്ല…ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയതിന് പിന്നാലെ ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കിന്റെ വാക്കുകള്‍ ഇങ്ങനെ.
117ാം മിനിറ്റില്‍ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ ബ്രസീലിനെ സമനിലയില്‍ പൂട്ടിയപ്പോള്‍ ആ ഗോളിന് വഴിവെച്ചത് ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡ് ജനറലായിരുന്നു. കാസെമെറോയുടെ ചലഞ്ചില്‍ പതറാതെ പന്ത് വഌസിച്ചിലേക്ക് മോഡ്രിച്ച് എത്തിച്ചു. വഌസിച്ചില്‍ നിന്ന് ഓറിസിച്ചിലേക്ക്. ഒറിസിച്ചിന്റെ ക്രോസില്‍ നിന്ന് പെറ്റ്‌കോവിച്ച് ഇരു ടീമിന്റെ ആരാധകരേയും ഞെട്ടിച്ച് പന്ത് വലയിലാക്കി.
പാസിങ്ങുകളിലെ കൃത്യതയ്ക്കും കളി മനസിലാക്കിയെടുക്കുന്നതിലെ തന്റെ വൈദഗ്ധ്യത്തിനും ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന് മോഡ്രിച്ച് തെളിയിച്ചു. 37ല്‍ നില്‍ക്കെ ഇങ്ങനെ കളിക്കുന്നൊരു താരത്തെ നിങ്ങള്‍ക്ക് അധികം കാണാനാവില്ല. റയല്‍ മാഡ്രിഡിനും ക്രൊയേഷ്യക്കും വേണ്ടി ഇത്രയും കരുത്തോടെ ഈ പ്രായത്തില്‍ കളിക്കുന്നു. തന്റെ ക്വാളിറ്റി മോഡ്രിച്ച് തെളിയിക്കുകയാണ്, ക്രൊയേഷ്യന്‍ പരിശീലകന്‍ പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ നിശ്ചിത സമയത്ത് സമനിലയില്‍ പിരിയുന്ന ക്രൊയേഷ്യയുടെ നാലാമത്തെ മത്സരമായിരുന്നു ബ്രസീലിന് എതിരെ. തുടരെ രണ്ട് മത്സരങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിക്കാനും ക്രൊയേഷ്യക്ക് കഴിഞ്ഞു. 117ാം മിനിറ്റില്‍ പെറ്റ്‌കോവിച്ച് വല കുലുക്കുമ്ബോള്‍ അതായിരുന്നു കളിയില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ക്രൊയേഷ്യയില്‍ നിന്ന് വന്ന ആദ്യ ഷോട്ട്.
