ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. എണ്ണായിരത്തിനടുത്ത് വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെയുടെ വിജയം.
1072 വോട്ടുകളാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഒന്നിച്ച് മുന്നേറാമെന്നാണ് പത്ത് ശതമാനത്തിലധികം വോട്ടുനേടിയ തരൂരിന്റെ പ്രതികരണം. 68 ബാലറ്റ് പെട്ടികളിലെ 9,497 വോട്ടുകളാണ് എണ്ണിയത്. ആകെ 9915 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിന് നെഹ്റു – ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അദ്ധ്യക്ഷന്‍ വരുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ശശി തരൂര്‍ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം, കോണ്‍ഗ്രസില്‍ ഇനി തീരുമാനങ്ങള്‍ പുതിയ അദ്ധ്യക്ഷന്റേതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പാര്‍ട്ടിയിലെ തന്റെ സ്ഥാനം ഖാര്‍ഗേ ജി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് ഖാര്‍ഗെ. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പ് അദ്ദേഹം രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിരുന്നു.