ചൈനയുടെ സീറോ കോവിഡ് നയവും ഇന്ത്യയുടെ കോവിഡിനൊപ്പം ജീവിക്കുന്ന നയവും; വിജയിച്ചതാര്?

ഒരു മാസത്തിലേറെയായി, ചൈനയിലെ സീറോ-കോവിഡ് നയത്തിനെതിരെയും ഷി ജിന്‍പിംഗിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയും രാജ്യത്ത് ബഹുജന പ്രതിഷേധം അരങ്ങേറുകയാണ്.

ഈ അവസരത്തില്‍ പലരും മറന്നുപോയേക്കാവുന്ന ഒരു കാര്യമുണ്ട്. ലോകാരോഗ്യ സംഘടനയും ആഗോള മാധ്യമങ്ങളുമെല്ലാം ചൈനയുടെ കോവിഡ് പ്രതിരോധത്തെയും അവരുടെ വാക്സിനുകളെയുമൊക്കെ ഒരിക്കല്‍ പ്രശംസിച്ചിരുന്നു. ചൈനയുടെ കോവിഡ് പ്രതിരോധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റു രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം എന്നാണ് തങ്ങളുടെ ആദ്യ ഓണ്‍-ഗ്രൗണ്ട് ടീമിനെ ചൈനയിലേക്ക് അയച്ചതിന് ശേഷം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

വാക്സിനേഷന്‍ ആരംഭിച്ച സമയത്ത് ചൈനീസ് വാക്സിനുകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിലും മാധ്യമങ്ങളിലും വലിയ സ്വീകാര്യതയുണ്ടായിരുന്നു. അവയുടെ ഫലപ്രാപ്തിയെക്കുറിച്ചു പോലും ആരും സംസാരിച്ചില്ല. അത് ഇന്നും ചോദ്യം ചെയ്യാനാവാത്തതായി തുടരുന്നു. തൊണ്ണൂറിലധികം രാജ്യങ്ങള്‍ ഈ വ്യാജ പ്രചരണത്തില്‍ അകപ്പെടുകയും ചൈനീസ് വാക്സിനുകള്‍ വാങ്ങുകയും ചെയ്തു. പിന്നീടാണ് അതിന്റെ ഫലപ്രാപ്തി എത്രത്തോളം കുറവാണെന്ന് മനസിലാക്കിയത്. യുഎഇ അതിന് ഒരു ഉദാഹരണമാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് ആദ്യം രണ്ട് ഡോസ് ചൈനീസ് വാക്‌സിനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ഗുണനിലവാരമില്ലെന്നു മനസിലാക്കി, ചൈനീസ് നിര്‍മിതമല്ലാത്ത, കൂടുതല്‍ ഫലപ്രദമായ മറ്റൊരു വാക്‌സിന്റെ രണ്ട് ഡോസ് വീതം വീണ്ടും നല്‍കുകയാണ് ചെയ്തത്. എന്നാല്‍ അവര്‍ ചൈനീസ് വാക്സിന്‍ വാങ്ങുന്ന സമയത്ത് ചൈനയുടെ നയതന്ത്ര ശ്രമങ്ങള്‍, ആഗോള സഹകരണം, വികസനം, ഗവേഷണം, നിര്‍മാണ വൈദഗ്ദ്ധ്യം എന്നിവയെല്ലാം പ്രശംസിക്കപ്പെട്ടിരുന്നു.

ചൈനീസ് വാക്സിന്‍ വാങ്ങാന്‍ ഇന്ത്യക്കുമേലും സമ്മര്‍ദം ഉണ്ടായിരുന്നു. അതേക്കുറിച്ച്‌ സര്‍ക്കാരിനോട് പലരും സംസാരിക്കുകയും ചെയ്തു. ‘ഇന്ത്യ എന്തുകൊണ്ട് ചൈനീസ് വാക്‌സിനുകള്‍ വാങ്ങണം’ എന്ന വിഷയത്തില്‍ 2021-ല്‍ ഒരു ആഗോള മാധ്യമം ചര്‍ച്ച പോലും നടത്തുകയുണ്ടായി. ഇന്ത്യ ചൈനയില്‍ നിന്നും വാക്സിന്‍ വാങ്ങണം എന്ന് മറ്റൊരു ഇന്ത്യന്‍ മാധ്യമ സ്ഥാപനവും നിര്‍ദേശിച്ചു. ഈ ശുപാര്‍ശകള്‍ക്കെല്ലാം പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. 2020 ജൂണില്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള ഗാല്‍വാന്‍ തര്‍ക്കത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം രൂക്ഷമായ സമയമായിരുന്നു അത്. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് അയവു വരുത്തുന്നതിന്റെ ഭാഗമായി കൂടി ചൈയില്‍ നിന്നും വാക്സിന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിനെ ചിലര്‍ ഉപദേശിച്ചു. മറ്റു പല രാജ്യങ്ങളും ചൈനീസ് വാക്സിന്‍ വാങ്ങുന്നുണ്ടെന്നും തന്റെ അഭിമാനം മാറ്റിവെക്കാനും നരേന്ദ്രമോദിയോട് പലരും പറഞ്ഞു.

എന്നാല്‍ വാക്‌സിന്‍ നിര്‍മാണത്തിനും വിതരണത്തിനും നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരരേന്ദ്ര മോദിക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ കൂടുതല്‍ മികച്ചതാണെന്ന് നന്നായി അറിയാമായിരുന്നു. ഇന്ത്യയിലെ വാക്‌സിന്‍ ക്ഷാമം ഹ്രസ്വകാലത്തേക്കു മാത്രം ഉള്ളതാണെന്നും 2021ന്റെ അവസാന പകുതിയില്‍ രാജ്യത്തെ വാക്‌സിനുകളുടെ ഉത്പാദനം ഗണ്യമായി വര്‍ദ്ധിക്കുമെന്നും മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമും മനസിലാക്കിയിരുന്നു.

ആരംഭഘട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിരോധമാണ് ഇന്ത്യ സ്വീകരിച്ചത്. മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ പോലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രതിരോധത്തിനും ചികിത്സയ്ക്കും പരിധി ഉണ്ടായിരുന്നതിനാല്‍ ടെസ്റ്റ്, ട്രാക്ക്, ഐസൊലേറ്റ്, ട്രീറ്റ് എന്നീ മാര്‍ഗങ്ങള്‍ ഇന്ത്യ ഫലപ്രദമായി നടപ്പിലാക്കി. ഒപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിനുകളും നല്‍കി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്സിനുകളുടെ ഉത്പാദന ശേഷി ഉയര്‍ത്തുക മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്ക് അവ കയറ്റുമതിയും ചെയ്തു.

ഇന്ന് ചൈനീസ് സര്‍ക്കാരിന്റെ സീറോ-കോവിഡ് നയത്തിനെതിരെ രാജ്യമെമ്ബാടും പ്രതിഷേധം ഉയരുകയാണ്. സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളും വിതരണത്തിനായി ചൈനക്കാരെ ആശ്രയിക്കുന്ന ബിസിനസുകാര്‍ക്കിടയിലെ അതൃപ്തിയും പുറത്തു വന്നതോടെയാണ് ഇക്കാര്യങ്ങള്‍ പുറം ലോകമറിഞ്ഞത്. ജോലിക്കായി യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മ 20 ശതമാനത്തിലെത്തി, എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. പ്രമുഖ ബിസിനസ് കമ്ബനികള്‍ ഇതിനകം തന്നെ അവരുടെ ഉത്പാദന യൂണിറ്റുകള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചിക്കുകയാണ്. അവരുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ഇന്ത്യയാണ്.

തെറ്റായ കോവിഡ് പ്രതിരോധം മൂലം ലോകമെമ്ബാടുമുള്ള പ്രധാന സമ്ബദ്‌വ്യവസ്ഥകള്‍ ഇപ്പോള്‍ സാമ്ബത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. മറുവശത്ത്, ഡെല്‍റ്റ വേരിയന്റിന് ശേഷം ഇന്ത്യ തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കുകയാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. കൃത്യമായ ആസൂത്രണം കൊണ്ട് ആഗോള നിക്ഷേപകരുടെ പോലും ശ്രദ്ധനേടാനും വളര്‍ച്ചയുടെ കാര്യത്തില്‍ പ്രധാന സമ്ബദ്‌വ്യവസ്ഥകളെയെല്ലാം മറികടക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ആഗോള സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ സ്വയം രക്ഷിച്ചു എന്നു തന്നെ പറയാം.

കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള യുഎസ് സെനറ്റ് കമ്മിറ്റി അന്വേഷണം ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ്-19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സിദ്ധാന്തം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന റിപ്പോര്‍ട്ടാണിത്. ഇതു കൂടാതെ ചൈനീസ് വാക്സിനുകളുടെ നിലവാരമില്ലായ്മ വ്യക്തമായതും അത് പല രാജ്യങ്ങള്‍ക്കും വിറ്റതും രാജ്യത്തു നടക്കുന്ന ബഹുജന പ്രതിഷേധവുമെല്ലാം മൂലം ലോക രാജ്യങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ ചൈനയോട് അത്ര മതിപ്പില്ല. മുന്‍പുണ്ടായിരുന്ന സാഹചര്യമെല്ലാം മാറി. ഇന്ത്യയില്‍ നിര്‍മിച്ച വാക്സിനുകള്‍ വാങ്ങാന്‍ ചൈന ഇന്ത്യയെ സമീപിക്കേണ്ട സമയമാണിത്. പ്രതിവര്‍ഷം അഞ്ചു ബില്ല്യനിലധികം ഡോസുകള്‍ നിര്‍മിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. നമ്മുടെ വാക്‌സിനുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദവും സുരക്ഷിതവും താങ്ങാനാവുന്നതുമാണ്. വിതരണത്തിനായി COWIN എന്ന ആപ്പുമുണ്ട്. ഇത് സ്വേച്ഛാധിപത്യ ഷി ഭരണകൂടത്തിന് സമ്മതിക്കാന്‍ കഴിയുന്ന കാര്യമാണോ എന്നറിയില്ല.

ഈ വസ്തുതകള്‍ക്കെല്ലാമിടയിലും ചില ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് – ഇന്ത്യക്കു മേല്‍ സമ്മര്‍ദം ചെലുത്താനും ചൈനീസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി വ്യാഖ്യാനങ്ങളും അജണ്ടകളും നിര്‍മിച്ച വിദഗ്ധരും മാധ്യമ സ്ഥാപനങ്ങളും തങ്ങള്‍ മുന്‍പു പറഞ്ഞത് തെറ്റാണെന്നു സമ്മതിക്കുമോ? മഹാമാരിയില്‍ നിന്നും കരകയറാന്‍ ചൈനയ്ക്ക് ഇന്ത്യയുടെ സഹായം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആഗോള മാധ്യമങ്ങള്‍ ഇപ്പോള്‍ നല്‍കുമോ? അത് നടക്കുമെന്നു തോന്നുന്നില്ല. സ്വതന്ത്രവും നീതിയുക്തവുമായി നിലകൊള്ളേണ്ട മാധ്യമങ്ങള്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്.

(ലേഖിക ഒരു നയതന്ത്രജ്ഞയാണ്. ലേഖനത്തില്‍ പ്രകടിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങള്‍ രചയിതാവിന്റേത് മാത്രമാണ്. സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല).

prp

Leave a Reply

*