‘തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്, വിധി എല്ലാവര്‍ക്കും പാഠമാകട്ടെ’; ഉത്ര വധക്കേസ് വിധിയില്‍ വാവ സുരേഷ്

കൊല്ലം: ( 13.10.2021) ഉത്ര വധക്കേസില്‍ കോടതിയുടേത് ന്യായമായ വിധിയാണെന്നും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണെന്നും വാവ സുരേഷ്. വിധി എല്ലാവര്‍ക്കും പാഠമാകട്ടെ. ഉത്രയുടെ കുടുംബം ഇപ്പോള്‍ ഈ വിധിയില്‍ തൃപ്തരല്ല. പക്ഷേ, പിന്നീട് അവര്‍ക്ക് വിധിയുടെ ഗുണം മനസിലാകുമെന്നും സുരേഷ് പറഞ്ഞു. പാമ്ബുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

‘ഉത്രയ്ക്ക് അണലിയുടെ കടിയേറ്റെന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. സൂരജിനെ കടിക്കാതെ, ഉത്രയെ മാത്രം പാമ്ബു കടിച്ചു എന്ന് കേട്ടപ്പോള്‍ ഇതു കൊലപാതകശ്രമമാണെന്ന് എനിക്ക് മനസിലായി. മറ്റുള്ളവര്‍ക്ക് വിധി ഒരു പാഠമാകട്ടെ’ വാവ സുരേഷ് പറഞ്ഞു. കേസ് അന്വേഷണവും ഈ വിധിയും ടീം വര്‍കിന്റെ വിജയമാണ്. ഇത്തരത്തില്‍ കേരളത്തിലെ ആദ്യത്തെ കേസാണ്. തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിലും നല്ലതു ജീവപര്യന്തമാണ്. മിക്കവാറും സൂരജിന് ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണു നല്ലതെന്നും സുരേഷ് വ്യക്തമാക്കി.

കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കൂ. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ പറഞ്ഞു.

prp

Leave a Reply

*