എമിര്‍ജന്‍റീനാ…; മാര്‍ട്ടിനെസാണ് താരം…

ദോഹ: ജയിച്ച കളി കൈവിട്ടശേഷം ഷൂട്ടൗട്ടില്‍ വിജയം തിരിച്ചുപിടിച്ച്‌ അര്‍ജന്റീന ലോകകപ്പ് സെമിയിലേക്ക്. നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനിലയില്‍ തീര്‍ന്ന കളിയിലാണ് ഷൂട്ടൗട്ട് വിജയികളെ നിര്‍ണയിച്ചത്.

ഷൂട്ടൗട്ടില്‍ ഡച്ചുകാരുടെ ആദ്യ രണ്ടു കിക്കുകളും തടുത്തിട്ട ഗോളി എമിലിയാനോ മാര്‍ട്ടിനെസാണ് അര്‍ജന്റീനക്ക് ജയമൊരുക്കിയത്. വിര്‍ജില്‍ വാന്‍ഡൈകിന്റെയും സ്റ്റീവന്‍ ബെര്‍ഗൂയിസിന്റെ കിക്കുകളാണ് എമി തടഞ്ഞത്. പിന്നീടുള്ള മൂന്നു കിക്കുകള്‍ ട്യൂണ്‍ കൂപ്മെയ്നേഴ്സും വൗട്ട് വെഗോസ്റ്റും ലൂക് ഡിയോങ്ങും ലക്ഷ്യത്തിലെത്തിക്കുകയും അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തെങ്കിലും അവസാന കിക്ക് ലൗതാറോ മാര്‍ട്ടിനെസ് ലക്ഷത്തിലെത്തിച്ചതോടെ അര്‍ജന്റീന ജയത്തിലെത്തി. അര്‍ജന്റീനക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍ എന്നിവരും പെനാല്‍റ്റി ഗോളാക്കി.

നേരത്തേ, അവസാനഘട്ടം വരെ രണ്ടു ഗോളിന് മുന്നിട്ടുനിന്ന അര്‍ജന്റീനക്കെതിരെ പകരക്കാരനായി കളത്തിലെത്തിയ വൗട്ട് വെഗോസ്റ്റ് 83, 90+11 മിനിറ്റുകളില്‍ നേടിയ ഗോളുകളിലാണ് ഡച്ചുപട ഒപ്പംപിടിച്ചത്. റൈറ്റ് ബാക്ക് നേഹ്വല്‍ മൊളീനയും (35) പെനാല്‍റ്റിയില്‍നിന്ന് മെസ്സിയും (73) ആണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്.

ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ മെസ്സിയാണ് അര്‍ജന്റീനയുടെ ലീഡ് സമ്മാനിച്ചത്. ആദ്യ ഗോളിന് മെസ്സി കളമൊരുക്കിയത് മനോഹരമായിട്ടായിരുന്നു. പന്തുമായി മുന്നേറി നാലു പ്രതിരോധനിരക്കാര്‍ക്കിടയിലുടെ മെസ്സി അളന്നുമുറിച്ചുനല്‍കിയ പന്ത് ഒപ്പമെത്താന്‍ ശ്രമിച്ച വിര്‍ജില്‍ വാന്‍ഡൈകിനെ മറികടന്ന് മൊളീന വലിലേക്ക് തിരിച്ചുവിട്ടു. മൊളീനയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍.

പന്ത് കൂടുതല്‍ സമയം കാല്‍വശം വെച്ചുകളിച്ചത് ഡച്ചുകാര്‍ ആയിരുന്നുവെങ്കിലും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് അര്‍ജന്റീനയായിരുന്നു. എന്നാല്‍, മെസ്സിക്ക് അധികം പന്ത് ലഭിക്കാന്‍ അനുവദിക്കാതെ നെതര്‍ലന്‍ഡ്സ് പിടിച്ചുനിന്നു. അതില്‍നിന്ന് മെസ്സി കെട്ടുപൊട്ടിച്ച നിമിഷത്തിലാണ് ആദ്യ ഗോള്‍ പിറന്നതും.

മറുവശത്ത് ഡച്ചുകാര്‍ക്കാവട്ടെ കാര്യമായ അവസരമൊന്നും തുറന്നെടുക്കാനായില്ല. മുന്‍നിരയില്‍ മെംഫിസ് ഡിപായിക്കും കോഡി ഗാക്പോക്കും നികോളാസ് ഒട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസും സ്വാതന്ത്ര്യം നല്‍കിയതേയില്ല. മധ്യനിരയില്‍ ഫ്രാങ്കി ഡിയോങ് കളി നിയന്ത്രിച്ചെങ്കിലും മുന്‍നിരയെ തേടി നിര്‍ണായക പാസുകളൊന്നുമെത്തിയില്ല. രണ്ടാം പകുതിയിലും തിരക്കഥക്ക് കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ 73ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോളെത്തി. പന്തുമായി മുന്നേറിയ മാര്‍കോസ് അക്യൂനയെ ഡെന്‍സല്‍ ഡംഫ്രൈസ് പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് മെസ്സി അനായാസം ഗോളാക്കി.

അര്‍ജന്റീന ജയിച്ചെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു നെതര്‍ലന്‍ഡ്സിന്റെ തിരിച്ചുവരവ്. 78ാം മിനിറ്റില്‍ കളത്തിലെത്തിയ വെഗോസ്റ്റ് ആണ് കളി തിരിച്ചത്. 83ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗൂയിസിന്റെ ക്രോസില്‍ വെഗോസ്റ്റ് തലവെച്ചപ്പോള്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് നിസ്സാഹയനായി. 10 മിനിറ്റ് ഇന്‍ജുറി സമയം ലഭിച്ചതോടെ നെതര്‍ലന്‍ഡ്സ് നിര ഒന്നടങ്കം അര്‍ജന്റീന ബോക്സിലേക്ക് ഇരച്ചുകയറി. അതിന് അവസാനഘട്ടത്തില്‍ ഫലവുമുണ്ടായി. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്കില്‍ ഡച്ചുകാരുടെ മനോഹരമായ ട്രെയിനിങ് ഗ്രൗണ്ട് വര്‍ക്കൗട്ട് ആണ് ഗോള്‍ സമ്മാനിച്ചത്. രണ്ടു പകരക്കാരുടെ പങ്കായിരുന്നു ഗോളില്‍.

ഫ്രീകിക്കെടുത്ത ട്യൂണ്‍ കൂപ്മൈനേഴ്സ് നേരിട്ട് ഗോളിലേക്ക് തൊടുക്കുന്നതിനുപകരം ഉയര്‍ന്നുചാടിയ പ്രതിരോധ മതിലിനുതാഴത്തുകൂടെ പാസ് ചെയ്ത പന്ത് പിടിച്ചെടുത്ത വെഗോസ്റ്റ് ഗോളിക്ക് അവസരം നല്‍കാതെ സ്കോര്‍ ചെയ്തതോടെ ഡച്ച്‌ ആവേശം അണപൊട്ടി.

prp

Leave a Reply

*