ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി; വിധി അപക്വമാണെന്നും അപീല്‍ പോകുമെന്നും സൂരജിന്റെ അഭിഭാഷകന്‍

കൊല്ലം: ( 13.10.2021) താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി സൂരജ്. ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ഉത്ര കേസിലെ ശിക്ഷാവിധിക്കു ശേഷം കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കോടതിയില്‍ പറഞ്ഞത് കള്ളമാണ്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും.

കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വരുന്നതെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഉത്രയുടെ അച്ഛന്‍ ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് പറഞ്ഞു. എന്നാല്‍, പ്രതികരണം പൂര്‍ത്തീകരിക്കാന്‍ സൂരജിനെ പൊലീസ്‌ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

അതേസമയം, കോടതി വിധി അപക്വമാണെന്നും നീതി വിരുദ്ധമാണെന്നും സൂരജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇതിനെതിരെ അപീല്‍ പോകുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച്‌ നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.

പ്രതിയുടെ പ്രായവും ഇതിനുമുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതുമാണ് വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കോടതി പരിഗണിച്ചത്. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്ബുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. റെകോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്ബിനെ പുറത്തെടുത്തു പോസ്റ്റ് മോര്‍ടെം നടത്തിയും മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ചുള്ള ഡമി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടന്നത്.

prp

Leave a Reply

*